ബെര്‍ലിന്‍: ബ്രസീലില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഹാട്രിക് കിരീടം നേടിയതിന് ശേഷം ആരും കാണാതെ ഹെല്‍മറ്റിനുള്ളില്‍ തന്റെ മുഖമൊതുക്കി താന്‍ കരഞ്ഞിരുന്നതായി സെബാസ്റ്റ്യന്‍ വെറ്റല്‍. []
2010 ല്‍ ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് പട്ടം നേടിയതിന് ശേഷം എല്ലാവര്‍ക്കും മുന്നില്‍ വികാരാധീനനായി വെറ്റല്‍ പൊട്ടിക്കരഞ്ഞിരുന്നു. അതിന് തുടര്‍ച്ചയായിരുന്നു വെറ്റലിന്റെ ഈ കണ്ണീരും. എന്നാല്‍ അന്ന് അത് എല്ലാവരും കണ്ടിരുന്നെങ്കില്‍ ഇത്തവണ തന്റെ സന്തോഷ കണ്ണീര്‍ വെറ്റല്‍ എല്ലാവരില്‍ നിന്നും മറച്ച് പിടിച്ചു.
25കാരനായ വെറ്റല്‍ എഫ് വണ്ണില്‍ മൂന്നാം കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ്. ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ എട്ട് പോയിന്റ് കൂടി നേടിയതോടെയാണ് വെറ്റല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഞായറാഴ്ചത്തെ മത്സരത്തില്‍ ആറാമതായാണ് വെറ്റല്‍ ഫിനിഷ് ചെയ്തത്. സീസണില്‍ 281 പോയിന്റാണ് വെറ്റല്‍ നേടിയത്.
ആ നിമിഷം എനിയ്ക്ക് ചിന്തിക്കാന്‍ കൂടി വയ്യ. സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ എന്റെ ജീവിതത്തില്‍ എന്നെ സ്വാധീനിച്ച വ്യക്തികളെയും ഈ നിലയില്‍ എന്നെ എത്തിക്കാന്‍ സഹായിച്ച എല്ലാവരേയും ഓര്‍ത്തു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു അത്-വെറ്റല്‍ പറഞ്ഞു.