India
എഫ്.എം. റേഡിയോയില്‍ വാര്‍ത്തയ്ക്കുള്ള വിലക്ക് നീക്കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 05, 07:25 pm
Monday, 6th January 2014, 12:55 am

[]ന്യൂദല്‍ഹി: സ്വകാര്യ റേഡിയോ ചാനലുകളില്‍ ഇനി മുതല്‍ വാര്‍ത്തകളും സംപ്രേക്ഷണം ചെയ്‌തേക്കും. എഫ്.എമ്മുകളില്‍ വാര്‍ത്താ പ്രക്ഷേപണത്തിനുള്ള വിലക്ക് എടുത്തകളയുമെന്നാണ് അറിയുന്നത്.

വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ സ്വകാര്യ റേഡിയോ ചാനലുകളെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സമീപനരേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ പ്രതിരോധആഭ്യന്തര മന്ത്രാലയങ്ങളുടെ അഭിപ്രായം ലഭിച്ചശേഷം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഒട്ടനവധി എഫ്.എം ചാനലുകളിലൂടെ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും സംവിധാനമില്ലെന്നതാണ് ഇതുവരെയുള്ള അനുമതിക്ക് തടസ്സമായിരുന്നത്.

എന്നാല്‍ സുപ്രീം കോടതി അടുത്തിടെ പൊതുതാത്പര്യ ഹരജിയില്‍ ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ അഭിപ്രായം തേടിയിരുന്നു.

രാജ്യത്തുള്ള 750 ടി.വി. ചാനലുകളില്‍ 300 എണ്ണം മാത്രമാണ് സര്‍ക്കാറിന്റെ നിരീക്ഷണത്തിലുള്ളത്. അതുപോലെ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ സ്‌റ്റേഷനുകള്‍ സുരക്ഷാ ഭീഷണിയാണെന്നും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.