| Friday, 2nd June 2023, 7:25 pm

'ബ്രിജ് ഭൂഷണിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് നേരത്തെ തന്നെ പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചു'; എഫ്.ഐ.ആറില്‍ പറയുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ റസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗിക പീഡനക്കേസില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഗുരുതര ആരോപണങ്ങള്‍.

ബ്രിജ് ഭൂഷണിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്ന് പരാതിക്കാര്‍ പറയുന്നുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന് പരാതിക്കാര്‍ക്ക് പ്രധാനമന്ത്രി വാക്ക് നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മൊയ്ത്രയാണ് എഫ്.ഐ.ആറില്‍ ഇതുസംബന്ധിച്ച് പറയുന്ന ഭാഗങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടത്.
പരാതികള്‍ കായിക മന്ത്രാലയം പരിശോധിക്കുമെന്ന് മോദി പരാതിക്കാരോട് പറഞ്ഞതായും എഫ്.ഐ.ആറില്‍ പറയുന്നു.

പരാതിക്കാര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ക്ക് പൂര്‍ണ
പിന്തുണ നല്‍കിയ മോദി എന്തുകൊണ്ടാണ് വിഷയത്തില്‍ പിന്നീട് ഇടപെടാഞ്ഞതെന്ന് മഹുവ ചോദിച്ചു.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോശം പെരുമാറ്റത്തെക്കുറിച്ച് നിങ്ങളെ അറിയിച്ചതായി എഫ്.ഐ.ആറില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. ആ സമയത്ത് നിങ്ങള്‍ അവര്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി. പക്ഷേ നിങ്ങള്‍ ഒന്നും ചെയ്തില്ല.

നിങ്ങളുടെ പ്രതിജ്ഞകളെല്ലാം തകര്‍ന്നിരിക്കുന്നു, ഇപ്പോള്‍ നങ്ങളുടെ പേര് അവര്‍ പറയുന്നത് ഞങ്ങള്‍ കാണുന്നു. അതില്‍ ലജ്ജിക്കൂ,’ മഹുവ മൊയ്ത്ര പറഞ്ഞു.

അതേസമയം, 10 പരാതികളെ അടിസ്ഥാനമാക്കി രണ്ട് എഫ്.ഐ.ആറാണ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദല്‍ഹി കൊണാട്ട് പ്ലേസ് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആറ് ഒളിമ്പ്യന്‍മാരുടെ പരാതിയിലെ ആരോപണങ്ങളാണ് ആദ്യ എഫ്.ഐ.ആറിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരത്തിന് വേണ്ടി പിതാവ് സമര്‍പ്പിച്ച പരാതിയാണ് രണ്ടാമത്തെ എഫ്.ഐ.ആറിലുള്ളത്.

സ്ത്രീകളെ മോശമായി സ്പര്‍ശിച്ചുവെന്നും പരിശീലന കേന്ദ്രങ്ങളിലും അന്താരാഷ്ട്ര വേദികളിലും വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നതടക്കമുള്ള ആരോപണമാണ് എഫ്.ഐ.ആറിലുള്ളത്.

ലൈംഗിക ചുവയോടെ സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്‌തെന്നും പറയുന്ന പരാതിയില്‍ ടി ഷര്‍ട്ട് ഉയര്‍ത്തി നെഞ്ച് മുതല്‍ പുറക് വശത്തേക്ക് തടവിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പറയുന്നു. ചിത്രം എടുക്കാനെന്ന വ്യാജേന ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും പരാതിയില്‍ പറയുന്നു.


Content Highlight: F.I.R says in wrestlers content ‘Brij Bhushan’s misbehavior directly informed PM

We use cookies to give you the best possible experience. Learn more