| Wednesday, 31st January 2024, 5:55 pm

പേരൻപിന് ശേഷം റോട്ടർഡാമിൽ തിളങ്ങി നിവിൻ പോളി ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോയ്ക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും  മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.

പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് സംഗീതം പകരുന്നത്.

അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ്  ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ. കെ. ഏകാംബരം, ചിത്രസംയോജനം: മതി വി. എസ്., വസ്ത്രാലങ്കാരം: ചന്ദ്രഗാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പി.ആർ.ഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ് – അനൂപ് സുന്ദരൻ.

Content Highlight: Ezhumalai ezhukadal movie’s in roterdam film festival

We use cookies to give you the best possible experience. Learn more