വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തു, തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടി; ദൃക്‌സാക്ഷികള്‍ പറയുന്നു
Kerala News
വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തു, തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടി; ദൃക്‌സാക്ഷികള്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th February 2023, 8:10 am

കോഴിക്കോട്: വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍വെച്ച് ആള്‍ക്കൂട്ടം വിചാരണ ചെയ്തിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. ഇതിന് ശേഷമാണ് വിശ്വനാഥന്‍ ആശുപത്രിക്ക് പുറത്തുപോയതെന്നും സംഭവ ദിവസം മെഡിക്കല്‍ കോളേജിലുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

ആള്‍ക്കൂട്ട വിചാരണക്ക് ശേഷം വിശ്വനാഥന്‍ ആശുപത്രിയില്‍ നിന്ന് ഓടിപ്പോയത് കണ്ടവരുമുണ്ട്. ആശുപത്രിയിലുള്ള ഭാര്യയെ കാണാന്‍ വിശ്വനാഥന്‍ ശ്രമിച്ചപ്പോഴാണ് മോഷ്ടാവെന്ന് മുദ്രകുത്തിയതെന്നും ഒരാള്‍ പറഞ്ഞു.

അതിനിടയില്‍, വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതും അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഇറങ്ങിയോടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള വ്യക്തികളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് കഴിഞ്ഞ ബുധനാഴ്ച വയനാട് മേപ്പാടി സ്വദേശിയായ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു വിശ്വനാഥന്‍. വാര്‍ഡിന് പുറത്ത് ഇരിക്കുകയായിരുന്ന വിശ്വനാഥന്‍ മോഷണം നടത്തിയെന്ന ആരോപണവുമായി ചിലര്‍ എത്തുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് വിശ്വനാഥനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഷണക്കുറ്റം ആരോപിക്കപ്പെട്ടതില്‍ മനംനൊന്താണ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. എന്നാല്‍ വിശ്വനാഥനെ കാണാനില്ലെന്ന് രണ്ട് ദിവസം മുമ്പേ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.

ആശുപത്രിക്ക് സമീപമുള്ള 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വെള്ളിയാഴ്ച വിശ്വനാഥനെ കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.