മഹാരാഷ്ട്രയില്‍ ഒന്നിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും; ആദ്യഘട്ട ചര്‍ച്ച നടത്തി
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ്- എന്‍.സി.പി സീറ്റ് പങ്കിടല്‍ സംബന്ധിച്ച് പ്രഥമിക ചര്‍ച്ചകള്‍ നടത്തി. ഇരു പാര്‍ട്ടികളും തങ്ങളുടെ സീറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട സീറ്റുകളില്‍ പങ്കിടുന്നിതിനെകുറിച്ചും തീരുമാനമെടുത്തു. ഇരു പാര്‍ട്ടികളും ഇന്ന് മറ്റ് സഖ്യകക്ഷികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 42 സീറ്റും എന്‍.സി.പി 41 സീറ്റും നേടിയിരുന്നു. അതേസമയം കോണ്‍ഗ്രസ് 48 സീറ്റും എന്‍.സി.പിക്ക് 51 സീറ്റും നഷ്ടമായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി മണ്ഡലങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഈ 182 മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം.
‘പാര്‍ട്ടികള്‍ തമ്മിലുള്ള പ്രാഥമിക ചര്‍ച്ചയായിരുന്നു നടന്നത്. മറ്റ് പാര്‍ട്ടികളുമായി സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് ഇനി ചര്‍ച്ചകള്‍ നടത്തും. മഹാരാഷ്ട്ര നവ്നിര്‍മാണ്‍ സേനയുമായി (എം.എന്‍.എസ്) കൈകോര്‍ക്കുന്നതിനെക്കുറിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല, ”കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലസഹേബ് തോറാത്ത് പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യം ചേരണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ്താക്കറെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണിഗാന്ധിയുമായുള്ള കൂടികാഴ്ച്ചയിലാണ് രാജ് താക്കറെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്.
സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, രാജു ഷെട്ടി നയിക്കുന്ന സ്വാഭിമാനി പക്ഷ, ഹിതേന്ദ്ര താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ വികാസ് അഗദി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഗതി എന്നീ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറായത്.
മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കാന്‍ പ്രകാശ് അംബേദ്കറിനെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാനും ഇരുപാര്‍ട്ടികളും തീരുമാനിച്ചു.