വാരാണസി: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കാനും അതുവഴി വോട്ടുകള്‍ പിടിക്കാനുമുള്ള പുതിയ നീക്കവുമായി ബി.ജെ.പി.
ഗുജറാത്തില്‍ പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേല്‍ ഗാന്ധിനഗറില്‍ പറഞ്ഞു. പട്ടേല്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 109 കേസുകള്‍ നിലവില്‍ പിന്‍വലിച്ചുകഴിഞ്ഞെന്നും 136 കേസുകള്‍ അടുത്തയാഴ്ചയോടെ പിന്‍വലിക്കുമെന്നും നിഥിന്‍ പട്ടേല്‍ വ്യക്തമാക്കി.
അത്ര ഗൗരവമല്ലാത്ത കേസുകളാണെന്ന് ഇവയെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇത്തരം കേസുകളില്‍ തന്നെയായിരുന്നു ഗുജറാത്തിലെ സംവരണ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെതിരായി രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് ഫയല്‍ ചെയ്തിരുന്നത്.
2015 ആഗസ്റ്റില്‍ പട്ടേല്‍വിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം അക്രമാസക്തമാകുകയും പൊലീസ് ലാത്തിച്ചാര്‍ച്ചില്‍ നിരവധി പട്ടേല്‍വിഭാഗക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രക്ഷോഭത്തില്‍ 12 ആളുകളായിരുന്നു കൊല്ലപ്പെട്ടത്. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പട്യാദാര്‍ സമുദായക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിശോധിച്ചു വരികയാണെന്നും ഗൗരവതരമല്ലാത്ത കേസുകളെല്ലാം പിന്‍വലിക്കുമെന്നുമാണ് നിഥിന്‍ പട്ടേല്‍ പറയുന്നത്. ഇതിന്റെ ഭാഗമായി തന്നെ ഇന്നലെ ദേശീയ പതാകയെ അപമാനിച്ചെന്ന് കാണിച്ച് ഹര്‍ദിക് പട്ടേലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
എന്നാല്‍ പട്ടേല്‍ സമുദായാക്കാരെ അനുനയിപ്പിക്കുകയും അതുവഴി ഗുജറാത്ത് പിടിക്കാനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 2015 ലെ ഗുജറാത്ത് ലോക്കല്‍ബോഡി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്.
പട്ടേല്‍സമുദായത്തിന് സ്വാധീനമുള്ള മിക്ക ഇടങ്ങളിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം ലഭിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പട്ടേലുകളെ അനുനയിപ്പിച്ച് ഗുജറാത്ത് പിടിക്കാനുള്ള ബി.ജെ.പിയുടെ പുതിയ നീക്കം.