| Sunday, 17th July 2022, 4:33 pm

'എന്ത് സ്ട്രക്ച്ചറാ, പൊളിറ്റിക്കൽ കറക്ട്നെസ് പറഞ്ഞ് എ സർട്ടിഫിക്കറ്റ് വാങ്ങിത്തരല്ലേ'; പത്മയുടെ എൻഡിങ്ങിലെ പാളിച്ചകൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിച്ചെത്തിയ പത്മ റിലീസായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇറങ്ങിയ വീഡിയോകളും സുരഭിയുടെ ബുള്ളറ്റ് ഡാൻസുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്മയിൽ കഥ നരേറ്റ് ചെയ്തിരിക്കുന്നത് ജയസൂര്യയുടെ ശബ്ദത്തിലാണ്. ഒരു മാലാഖക്കുഞ്ഞിന്റെ പ്രതിമക്കാണ് ജയസൂര്യ ശബ്ദം നൽകിയിരിക്കുന്നത്. പ്രേമവും പേഷ്യൻസിന്റെ പ്രശ്നങ്ങളും എക്സ്ട്രാ മാരിറ്റൽ അഫയറും ഒക്കെ പറഞ്ഞുപോകുന്ന സിനിമയുടെ അവസാനത്തിൽ ഈ മാലാഖയുടെ ശബ്ദത്തിൽ ഒരു ഡയലോഗ് പറയുന്നുണ്ട്.

ഫ്രെയിമിൽ ഒരു സ്ത്രീ ഈ പ്രതിമയുമെടുത്ത് നടന്നു പോകുന്നു. ആ സ്ത്രീയുടെ പിൻഭാഗം സ്‌ക്രീനിൽ കാണുന്നു. അപ്പോൾ ‘എന്ത് സ്ട്രക്ച്ചറാ, പൊളിറ്റിക്കൽ കറക്ട്നെസ്സ് പറഞ്ഞ് എ സർട്ടിഫിക്കറ്റ് വാങ്ങിത്തരല്ലേ, തമാശ പറഞ്ഞതാ’ എന്ന് പറയുന്നുണ്ട്. ഒരു സ്ത്രീയെ നോക്കി സെക്ഷ്വൽ ജോക്ക് അടിക്കുകയും ശേഷം പൊളിറ്റിക്കൽ കറക്ട്നെസ് പറയരുത്, കോമഡിയാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യുകയാണിവിടെ.

സിനിമകളിൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കണമെന്ന് വാദിക്കുന്നവർക്കുള്ള ഒരു കൊട്ടായി ഈ ഡയലോഗ് അനുഭവപ്പെടും. സ്ത്രീകളുടെ ശരീരഭാഗങ്ങളെ കോമഡി പറയാനുള്ള എലമെന്റ് ആയി കാണുകയാണ് ഇവിടെയും.

പത്മയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയാണ് അനൂപ് മേനോൻ എത്തിയിരിക്കുന്നത്. പത്മയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരഭി ലക്ഷ്മിയാണ്. ഇവർക്കിടയിൽ നടക്കുന്ന ചില പ്രശ്നങ്ങളാണ് കഥയുടെ പ്രധാന ത്രെഡ്. നാട്ടിൻ പുറത്തുക്കാരിയായ നായിക നഗരത്തിലെത്തിയപ്പോൾ അനുഭവിക്കുന്നഅസ്വസ്ഥതകൾ സിനിമയിൽ കാണിക്കുന്നുണ്ട്.

അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിച്ച പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, സുരഭി ലക്ഷ്മി, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകർന്നത്.

Content Highlight: Sexual objectification of female body in the end of the movie Padma

We use cookies to give you the best possible experience. Learn more