| Sunday, 1st November 2020, 10:38 am

'എക്‌സ്ട്രീമിസ്റ്റുകള്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്ന് പഠിപ്പിക്കുന്നു'; അതൊന്നും ഇവിടെ നടക്കില്ലെന്ന് അറബിയില്‍ ട്വീറ്റ് ചെയ്ത് മാക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: എക്‌സ്ട്രീമിസ്റ്റുകള്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്ന് പഠിപ്പുകയാണെന്നും എന്നാല്‍ ഫ്രാന്‍സില്‍ ഇതൊന്നും നടക്കില്ലെന്നും അറബിക് ഭാഷയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

” എക്‌സ്ട്രീമിസ്റ്റുകള്‍ ഫ്രാന്‍സ് ബഹുമാനിക്കപ്പെടാന്‍ പാടില്ലെന്ന് പഠിപ്പിക്കുകയാണ്. അവര്‍ പുരുഷന്മാര്‍ക്ക് തുല്യരല്ല സ്ത്രീകളെന്നും പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും ഒരേ അവകാശം പാടില്ലെന്നും പറയുന്നു.

ഞാന്‍ കൃത്യമായി പറയട്ടെ ഇത് ഞങ്ങളുടെ രാജ്യത്ത് നടക്കില്ല”, ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തു. അല്‍ ജസീറയ്ക്ക് അനുവദിച്ച വീഡിയോ പങ്കുവെച്ചായിരുന്നു മാക്രോണിന്റെ ട്വീറ്റ്.

ഫ്രാന്‍സില്‍ വിവാദങ്ങളും സംഘര്‍ഷങ്ങളും കടുക്കുന്നതിനിടെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ അല്‍ ജസീറയ്ക്ക് അഭിമുഖം അനുവദിച്ചത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കുവെച്ച് കൊണ്ട് ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കുകയായിരുന്നു മാക്രോണ്‍. മതേതരത്വം ആരെയും കൊന്നിട്ടില്ലെന്നും മാക്രോണ്‍ പറയുന്നു.

അക്രമത്തെ ന്യായീകരിക്കാന്‍ കഴിയുമെന്ന അവരുടെ വാദങ്ങളെ ഞാന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മാക്രോണ്‍ അറബിക് ഭാഷയില്‍ തന്നെ മറ്റൊരു ട്വീറ്റ് കൂടി പങ്കുവെച്ചു.

ഫ്രാന്‍സ് എതിര്‍ക്കുന്നത് ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെയാണ് അല്ലാതെ ഇസ്‌ലാം മതത്തെയല്ലെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരന്മാരുടെ ജീവനെടുത്തെന്നും അല്‍ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാക്രോണ്‍ പറഞ്ഞിരുന്നു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതുകൊണ്ട് മുസ്‌ലിങ്ങളുടെ ഇടയിലുണ്ടായ വികാരം താന്‍ മനസിലാക്കുന്നുവെന്നും എന്നാല്‍ റാഡിക്കല്‍ ഇസ്‌ലാമുകള്‍ എല്ലാവര്‍ക്കും ഭീഷണിയാണ്, പ്രത്യേകിച്ചും മുസ്‌ലിങ്ങള്‍ക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

” മതവികാരം ഞാന്‍ മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ റോളിനെക്കുറിച്ച് നിങ്ങളും മനസിലാക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് സമാധാനം പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിനൊപ്പം തന്നെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ചുമതല കൂടി എനിക്കുണ്ട്.”, മാക്രോണ്‍ പറഞ്ഞു.

ഞാന്‍ എപ്പോഴും, സ്വതന്ത്രമായി ചിന്തിക്കാനും, സംസാരിക്കാനും, എഴുതാനും, വരയ്ക്കാനുമുള്ള എന്റെ രാജ്യത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിവാദമായ ക്യാരിക്കേച്ചര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതല്ല. അത് ഒരു സ്വതന്ത്ര മാധ്യമസ്ഥാപനത്തില്‍ നിന്നുമുണ്ടായതാണ്. ആ പത്രത്തിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. ഷാര്‍ലി ഹെബ്‌ദോ മാഗസിന്‍ വിവാദങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രതികരിച്ചു.

ഫ്രാന്‍സില്‍ ചരിത്രാധ്യാപകന്റെ കൊലപാതകത്തിന് പിന്നാലെ നടന്ന വിവാദങ്ങളിലും അക്രമ സംഭവങ്ങളിലും നിലപാട് വ്യക്തമാക്കുകയായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍. മാക്രോണിന്റേത് ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണെന്ന് വിമര്‍ശനം പരക്കെ ഉയരുന്ന സാഹചര്യത്തിലും, ബോയ്‌കോട്ട് ഫ്രാന്‍സ് ക്യാംപയിന്‍ ശക്തമാകുന്നതിനിടയിലുമാണ് അല്‍ജസീറയ്ക്ക് ഇമ്മാനുവല്‍ മാക്രോണ്‍ പ്രത്യേക അഭിമുഖം അനുവദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Extremist teach women not equal to men- Emmanuel macron says not in our country

We use cookies to give you the best possible experience. Learn more