| Saturday, 13th April 2024, 8:34 am

മലയാളി പൊളിയല്ല തല്ലിപ്പൊളി, കൊലയാളിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു; വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിച്ചതില്‍ വിദ്വേഷ പ്രചരണവുമായി തീവ്ര ഹിന്ദുത്വ നേതാക്കള്‍. റഹീമിനെ മോചിപ്പിക്കുന്നതിനുള്ള ദയാധനം സ്വരൂപിച്ചതിനെതിരെ ശശികല ടീച്ചര്‍, കൃഷ്ണ രാജ് എന്നീ ഹിന്ദുത്വ നേതാക്കളാണ് വിദ്വേഷ പ്രചരണം നടത്തിയിരിക്കുന്നത്.

‘ബല്ലാത്തൊരു നാട്, ബല്ലാത്തൊരു നിയമം, ഇതുവരെ ഇവിടെ ചികിത്സയ്ക്ക് മാത്രം പണം പിരിച്ചാല്‍ മതിയായിരുന്നു,’ എന്നാണ് ശശികല ടീച്ചര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്. മനഃപൂര്‍വമല്ലാത്ത തെറ്റിന് 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാന്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഒന്നിച്ചപ്പോള്‍ സംഘികള്‍ അവിടെ കണ്ടത് മതവെറിയാണെന്ന് വിമര്‍ശകര്‍ പറയുന്നു.

നാട് ഒരുമിച്ച് നില്‍ക്കുന്നത് കണ്ടാല്‍ അസഹിഷ്ണുത തോന്നും സംഘിയല്ലേ എന്ന ചോദ്യവും വിമര്‍ശകര്‍ ഉയര്‍ത്തി. ചികിത്സ ആണെങ്കിലും മറ്റെന്തിനാണെങ്കിലും സംഘിയുടെ ഒരു രൂപ പോലും പിരിച്ച തുകയില്‍ ഉണ്ടാവാനിടയില്ലെന്നും ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ദയാധനം സ്വരൂപിച്ചതിനെതിരെ തീവ്ര ഹിന്ദുത്വ നേതാവായ അഡ്വ. കൃഷ്ണ രാജിന്റെ പേരിലുള്ള ഒരു ഫേസ്ബുക്ക് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട്‌  വ്യാപകമായി പ്രചരിക്കുകയാണ്. ‘മലയാളി പൊളിയല്ല, തല്ലിപൊളിയാണ്. ഒരു കൊലയാളിക്ക് വേണ്ടി 34 കോടി സ്വരൂപിക്കാന്‍ നടക്കുന്നു. എന്നിട്ട് ആ കൊലയാളിയെ കേരളത്തില്‍ എത്തിക്കണമത്രേ. എല്ലാവരും ജാഗ്രതൈ,’ എന്നാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്‌.

ഇതിനുപിന്നാലെ കൃഷണ രാജിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തങ്ങള്‍ അന്വേഷിച്ചു നടക്കുകയായിരുന്നു ആ 34 കോടിയില്‍ തങ്ങളില്ലെന്ന് ആര് പറയുമെന്ന്. ഇപ്പോള്‍ നമ്മള്‍ വിചാരിച്ച ടീം തന്നെ ആ പദവി ഏറ്റെടുത്തു. വെറുതെ അല്ല നിങ്ങളെ കേരള ജനത അകറ്റി നിര്‍ത്തുന്നതെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ താമര വിരിയാത്തതിന്റെ കാരണം ഇതില്‍ നിന്ന് മനസിലാക്കാമെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍ ഒരുമിച്ചുള്ള മലയാളികളുടെ ഈ പോരാട്ടത്തെ മന്ത്രി മുഹമ്മദ് റിയാസ് ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ‘കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി, മത അതിര്‍വരമ്പുകളില്ലാതെയാണ് എല്ലാവരും ഇതിന് വേണ്ടി ഒന്നിച്ചത്. ഓരോരുത്തരും അവര്‍ക്ക് സാധ്യമാകുന്ന രീതിയില്‍ പണം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചു. മനുഷ്യ നന്മയുടെ വിജയമാണിത്. ഇതാണ് റിയല്‍ കേരള സ്റ്റോറി,’ മുഹമ്മദ് റിയാസ് പറഞ്ഞു. റഹീമിന്റെ മോചനത്തിന് വേണ്ടി കെ.എം.സി.സിയും നിര്‍ണായക പങ്കുവഹിച്ചെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ സമാഹരിച്ച മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇവര്‍ക്ക് പുറമെ പ്രതിപക്ഷ നേതാക്കള്‍, മറ്റു സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ എല്ലാം കേരളത്തിനോടും മലയാളികളോടും നന്ദി പറയുകയുണ്ടായി.

Content Highlight: Extremist Hindutva leaders spread hate propaganda in raising money for Abdul Rahim’s release

Latest Stories

We use cookies to give you the best possible experience. Learn more