ന്യൂദല്‍ഹി: താജ്മഹലിന് സമീപത്തായി ജലാഭിഷേകം നടത്തിയ തീവ്ര ഹിന്ദുത്വ നേതാവ് അറസ്റ്റില്‍. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ നേതാവായ പവന്‍ ബാബയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരാത്രിയോടനുബന്ധിച്ചായിരുന്നു സംഭവം.
താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ജലാഭിഷേകം നടത്തിയത്. ഇതിനുപുറമെ താജ്മഹലിന് പിറകിലായി യമുനാ നദിയുടെ കരയില്‍ ശിവ താണ്ഡവമെന്ന പേരില്‍ ഇയാള്‍ നൃത്തം ചെയ്യുകയും ചെയ്തു.
ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചാവിഷയമായി. സംഘടനയുടെ നീക്കം വിവാദമായതോടെ പൊലീസ് സമ്മര്‍ദത്തില്‍ ആവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ജലാഭിഷേകത്തിനും ശിവ താണ്ഡവ നൃത്തത്തിനും നേതൃത്വം നല്‍കിയ പവന്‍ ബാബക്കെതിരെ പൊലീസ് നടപടിയെടുത്തു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. എന്നാല്‍ ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുത്വ നേതാവിനെ പൊലീസ് വിട്ടയച്ചു.
‘ഞങ്ങള്‍ സമാധാനപരമായാണ് ചടങ്ങുകള്‍ നടത്തിയത്. ഞങ്ങളുടെ അവകാശമാണത്. ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരും,’പവന്‍ ബാബയുടെ അറസ്റ്റിന് പിന്നാലെ സഭാ നേതാവ് സഞ്ജയ് ദത്ത് പറഞ്ഞു.
താജ്മഹലിനെ ഹിന്ദു ക്ഷേത്രമാക്കാന്‍ ഏതറ്റം വരെ പോകുമെന്നും ശിവരാത്രി ദിനം താജ്മഹല്‍ ഇരിക്കുന്ന സ്ഥലത്ത് ആഘോഷിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു സഞ്ജയ് ദത്തിന്റെ അടുത്ത വാദം.
ജലാഭിഷേകം കൂടാതെ എ.എസ്.ഐ സംരക്ഷിക്കുന്ന പൂന്തോട്ടത്തിന് ഹിന്ദുത്വ നേതാക്കള്‍ തീകൊളുത്തിയെന്ന് ചൂണ്ടിക്കാട്ടി താജ്മഹലിന്റെ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Extremist Hindutva leader who performed water ablution near Taj Mahal arrested