ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെതിരെ ആള്‍ക്കൂട്ടാക്രമണം. ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ പത്തിലധികം വരുന്ന ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ നിലവില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ഷാംലി ജില്ലയിലാണ് സംഭവം. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഹിന്ദുത്വ വാദികളുടെ അതിക്രമം പുറത്തറിയുന്നത്. ഒരു സംഘം ആളുകള്‍ വടിയും മറ്റും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതായി വീഡിയോയില്‍ കാണാം.
പ്രതികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു. കൂടുതല്‍ അന്വേഷണത്തിനായി കേസ് ഷാംലിയില്‍ നിന്ന് കൈരാന സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചതായി കൈരാന പൊലീസ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ ഉടനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും പൊലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം യു.പിയിലെ ഒരു ഇമാമിന്റെ വീട്ടിലേക്ക് തീവ്ര ഹിന്ദുത്വ വാദികള്‍ അതിക്രമിച്ചുകടക്കുകയും അദ്ദേഹത്തെ മര്‍ദിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് കമ്രാന്‍ എന്ന ഇമാമാണ് ആക്രമണത്തിനിരയായത്.
സംഭവം ചര്‍ച്ചയായതോടെ ഐ.പി.സി സെക്ഷന്‍ 147 (കലാപം), 323 (മുറിവേല്‍പ്പിക്കുക), 504 (സമാധാന ലംഘനം) എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ പൊലീസ് കേസ് ചുമത്തി.
എന്നാല്‍ യു.പി പൊലീസ് തന്റെ പരാതി ആദ്യം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഏകപക്ഷീയമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും കമ്രാന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രതികളില്‍ ചിലര്‍ ഗ്രാമം വിട്ട് പുറത്തേക്ക് പോയതായും കമ്രാന്‍ സൂചന നല്‍കിയിരുന്നു.
Content Highlight: Extremist Hindutva attack on Muslims in U.P