അജ്മി, കെകെ ഫുഡ് പ്രോഡക്റ്റുകള്‍ ബഹിഷ്‌ക്കരിക്കണമെന്ന് തീവ്ര ക്രിസ്ത്യന്‍ - സംഘപരിവാര്‍ ഗ്രൂപ്പുകള്‍; നിയമനടപടിയുമായി അജ്മി
കോട്ടയം: ബംഗളൂരുവിലെ മലയാളി സംരഭകന്‍ പി.സി. മുസ്തഫയുടെ ഐഡി ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നാലെ കേരളത്തിലെ പ്രമുഖ ഭക്ഷണ ഉല്‍പ്പാദന സംരഭങ്ങളായ അജ്മിക്കും കെ.കെ ഫുഡ് പ്രോഡക്ടിനുമെതിരെ വ്യാജ പ്രചാരണങ്ങളും ബഹിഷ്‌ക്കരണ ആഹ്വാനവും ശ്ക്തമാകുന്നു.
ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജ്മിക്കും കെ.കെ. ഫുഡ് പ്രോഡക്ടിനുമെതിരെ തീവ്ര ക്രൈസ്തവ അനുയായികളും സംഘപരിവാര്‍ പ്രവര്‍ത്തകരുമാണ് പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വിവിധ സോഷ്യല്‍ മീഡിയകള്‍ വഴിയാണ് വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നത്. പാല ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഫുഡ്‌സ് ബ്രാന്‍ഡുകള്‍ക്കെതിരെ പ്രചാരണം ശക്തമായത്.
പാല ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്‌ലിം ഐക്യവേദിയുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപകമായി വിദ്വേഷ പ്രചാരണം ശക്തമായത്.
‘പാലാ ബിഷപ്പിനെതിരായ പ്രതിഷേധത്തിന് ആളുകളെ എത്തിച്ചത് അജ്മി, കെ.കെ പുട്ടുപൊടി മുതലാളി, ആ ഭക്ഷ്യവസ്തു നിര്‍മാണ യൂണിറ്റ് (അജ്മി, കെകെ പുട്ടുപൊടി) ബഹിഷ്‌കരിക്കണം, ഒരേ ഫാക്ടറിയില്‍ നിന്നാണ് ഇവ വരുന്നത്, അജ്മി മുസ്‌ലിം ഏരിയകളിലേക്കും കെ.കെ മറ്റ് ഏരിയകളിലേക്കും വിതരണം ചെയ്യാനുള്ളതാണ്’ എന്നൊക്കെയാണ് പ്രചരിക്കുന്ന സന്ദേശങ്ങള്‍.
‘ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികളില്‍ ഒരാളാണ് ഇതിന്റെ മുതലാളി’ എന്നുള്ള തരത്തില്‍ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരത്തില്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അജ്മി.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി അജ്മി ഫുഡ് പ്രൊഡക്ട്‌സ് എം.ഡി കെ.എ. റാഷിദ് പറഞ്ഞു.
ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെയാണ് തങ്ങള്‍ക്കെതിരായ പ്രചാരണം ശക്തമായതെന്നും ഇതിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച ഓണ്‍ലൈന്‍ മീഡിയക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.