| Thursday, 12th September 2024, 5:20 pm

മധ്യപ്രദേശിൽ സൈനികർക്കും സ്ത്രീ സുഹൃത്തുക്കൾക്കും നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മധ്യപ്രദേശിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും അവരുടെ പെൺ സുഹൃത്ത് ബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പിയുടെ ക്രമസമാധാനപാലനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം ഇല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും ബി.ജെ.പി സർക്കാർ അതിനെതിരെ നിഷേധാത്മക മനോഭാവം പുലർത്തുന്നുവെന്നും അത് അത്യന്തം ആശങ്കാജനകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി ഒരുപാട് സംസാരിക്കാറുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും ബി.ജെ.പിക്കെതിരെ പ്രതികരിച്ചു.

മധ്യപ്രദേശിൽ രണ്ട് സൈനികർക്ക് നേരെയുണ്ടായ അക്രമവും അവരുടെ കൂടെയുണ്ടായിരുന്ന പെൺ സുഹൃത്ത് ബലാത്സംഗത്തിനിരയായതും സമൂഹത്തിന്റെ തല കുനിപ്പിക്കാൻ ഇടയാക്കിയ പ്രശ്നമാണെന്ന് തന്റെ എക്‌സ് പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം നിലവിലില്ല. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും കുറ്റകൃത്യങ്ങളോടുള്ള ബി.ജെ.പി സർക്കാരിൻ്റെ നിഷേധാത്മക സമീപനം അങ്ങേയറ്റം ആശങ്കാജനകമാണ്,’ അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ക്രിമിനലുകളുടെ ഭയമില്ലായ്മ ഭരണത്തിൻ്റെ സമ്പൂർണ പരാജയമാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ സൈനിക ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ശേഷം പെൺസുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവവും ഉത്തർപ്രദേശിലെ ഹൈവേയിൽ ഒരു സ്ത്രീയുടെ നഗ്നശരീരം കണ്ടെടുത്ത സംഭവവും ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധി തൻ്റെ എക്‌സ് പോസ്റ്റിൽ പറഞ്ഞു. രാജ്യത്ത് പ്രതിദിനം 86 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരകളാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

‘സ്വന്തം വീട്, റോഡ്, ഓഫീസ് എവിടെയും സ്ത്രീകൾ സുരക്ഷിതരല്ല. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും സുരക്ഷിതരല്ലെന്ന് മാത്രമല്ല, ഇത്തരം ക്രൂരതകൾ കാരണം കോടിക്കണക്കിന് സ്ത്രീകളുടെ മനോവീര്യം ഓരോ ദിവസവും ഇല്ലാതാകുകയും ചെയ്യുന്നു ,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ വിനോദസഞ്ചാരത്തിന് പോയ രണ്ട് യുവ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളെയും ഒരു സംഘം ആളുകൾ ആക്രമിക്കുകയും യുവതികളിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കാറില്‍ ഇരിക്കുകയായിരുന്ന മോവ് കണ്ടോള്‍മെന്റ് ടൗണിലെ ആര്‍മി ഉദ്യോഗസ്ഥരെയും യുവതിയെയും ആറംഗ സംഘം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരില്‍ ഒരാളെ ബന്ദിയാക്കി നിര്‍ത്തുകയും യുവതിയെ അക്രമികള്‍ തടഞ്ഞുവെക്കുകയും ചെയ്തു. മോചിപ്പിക്കാന്‍ പത്ത് ലക്ഷം രൂപ കൊണ്ടുവരാന്‍ പറഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ പണമെടുക്കാന്‍ പോയ സൈനികന്‍ ഫോണിന് റെയ്ഞ്ച് കിട്ടിയപ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു. എന്നാല്‍ അവരെത്തുന്നതിന് മുന്നേ യുവതിയെ ബലാത്സംഗത്തിനിരയാക്കുകയും അക്രമികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ആറ് അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതായും പൊലീസ് പറഞ്ഞു.

Content Highlight: Extremely worrying: Rahul Gandhi condemns attack on Army officers, rape of friend

We use cookies to give you the best possible experience. Learn more