അന്ന് നോട്ടുനിരോധനമായിരുന്നെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370; അങ്ങേയറ്റം ഏകാധിപത്യപരമായ തീരുമാനമാണ് കശ്മീരില്‍ നടപ്പിലാക്കിയതെന്ന് കമല്‍ഹാസന്‍
Kashmir Turmoil
അന്ന് നോട്ടുനിരോധനമായിരുന്നെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370; അങ്ങേയറ്റം ഏകാധിപത്യപരമായ തീരുമാനമാണ് കശ്മീരില്‍ നടപ്പിലാക്കിയതെന്ന് കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 9:04 pm

ചെന്നൈ: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ ശക്തമായി അപലപിച്ച് ‘മക്കള്‍ നീതി മയ്യം’ നേതാവ് കമല്‍ഹാസന്‍. ഒന്നാം മോദി സര്‍ക്കാരില്‍ നോട്ടുനിരോധനമായിരുന്നെങ്കില്‍ ഇന്ന് 370 എടുത്തു കളഞ്ഞിരിക്കുകയാണ്, അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമാണ് നടപടിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370നും 35 എയ്ക്കും ഒരു തുടക്കമുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരണമെന്നുണ്ടെങ്കില്‍ കൂടിയാലോചനകളിലൂടെയാവണം. പക്ഷെ പ്രതിപക്ഷ നേതാക്കളെ പോലും അടച്ചിട്ട് സര്‍ക്കാര്‍ നടത്തിയ നടപടികള്‍ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കമല്‍ഹാസന്റെ പ്രതികരണം. അതിനിടെ വീട്ടു തടങ്കലിലായിരുന്ന ഉമര്‍അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും വീടുകളില്‍ നിന്ന് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

ഇന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറുമായി സംസാരിക്കവെ പി.ഡി.പി യുവജന വിഭാഗം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കശ്മീരിലെ മാധ്യമങ്ങളുടെയെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളില്‍ ഇന്നലെയാണ് അവസാനമായി വാര്‍ത്ത അപ്ഡേഷന്‍ നടന്നിട്ടുള്ളത്.