തീവ്ര വലതുപക്ഷ സര്‍ക്കാരിനൊപ്പം 'മൂന്നാമങ്കത്തിന്' നെതന്യാഹു; സര്‍ക്കാര്‍ രൂപീകരിച്ചെന്ന് പ്രഖ്യാപനം
World News
തീവ്ര വലതുപക്ഷ സര്‍ക്കാരിനൊപ്പം 'മൂന്നാമങ്കത്തിന്' നെതന്യാഹു; സര്‍ക്കാര്‍ രൂപീകരിച്ചെന്ന് പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd December 2022, 9:25 am

ടെല്‍ അവീവ്: ഇസ്രഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര ദേശീയ- വലതുപക്ഷ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. ചൊവ്വാഴ്ച പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതായി നെതന്യാഹു തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇസ്രഈലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരാണിത്.

പൊതുതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളുടെയും തീവ്ര വലതുപക്ഷ കൂട്ടായ്മകളുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഇസ്രഈലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രി കൂടിയാണ് നെതന്യാഹു. 1996- 1999, 2009- 2021 കാലഘട്ടത്തിലാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്. നിലവില്‍ അഴിമതി ആരോപണത്തില്‍ കോടതി നടപടികള്‍ നേരിടുന്ന നേതാവ് കൂടിയാണ് നെതന്യാഹു.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വലിയ ആശങ്ക പങ്കുവെച്ചിരുന്നു. ഇസ്രഈലില്‍ വരാനിരിക്കുന്ന ‘വലതുപക്ഷ- ഫാസിസ്റ്റ് കൂട്ടുകെട്ടി’ന്റെ അപകടങ്ങളെ കുറിച്ച് ഫലസ്തീന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, ഇസ്രഈലില്‍ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാര്‍ട്ടിയുമായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സഖ്യത്തിലേര്‍പ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഹോമോഫോബിക്കും തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്നതുമായ നോം പാര്‍ട്ടിയുമായാണ്(Noam Party) നെതന്യാഹു സഖ്യകരാറില്‍ ഏര്‍പ്പെട്ടത്. തീവ്ര മത-ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന നോം പാര്‍ട്ടിയുടെ തലവന്‍ അവി മാവൊസിനെ (Avi Maoz) കരാര്‍ പ്രകാരം നെതന്യാഹു സര്‍ക്കാരില്‍ ഡെപ്യൂട്ടി മന്ത്രിയായി നിയമിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു.

തീര്‍ത്തും യാഥാസ്ഥിതികമായ, പരസ്യമായി അറബ് വിരുദ്ധ, എല്‍.ജി.ബി.ടി.ക്യു വിരുദ്ധ, നയങ്ങള്‍ രൂപീകരിക്കുന്നതിന് ‘പേരുകേട്ട’ പാര്‍ട്ടിയാണ് നോം. ഇസ്രഈലില്‍ ജൂത മതനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വാദിക്കുന്നയാളാണ് അവി മാവൊസ്.

എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗത്തിലുള്ളവര്‍ കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്ന മാവൊസിന്റെ പരാമര്‍ശം നേരത്തെ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ പ്രൈഡ് പരേഡുകള്‍ റദ്ദാക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അതേസമയം, ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടക്കാല പ്രധാനമന്ത്രി യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെ മറികടന്നാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. സയണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ബ്ലോക്കിന്റെ വിജയം.

ഇതേത്തുടര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളിലേക്ക് നെതന്യാഹു കടന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്രഈലില്‍ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയായിരുന്നു രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും നെതന്യാഹുവിന് തിരിച്ചുവരാനുള്ള അവസരമായിരിക്കുമിതെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

2021 ജൂണില്‍ അധികാരത്തിലേറിയ ബെന്നറ്റ് 2022 അവസാനത്തോടെ സ്ഥാനമൊഴിയുകയായിരുന്നു.സഖ്യസര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായി ജനപ്രതിനിധികള്‍ രാജിവെക്കുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയായിരുന്നു ബെന്നറ്റ് ഇസ്രഈല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

Content Highlgith: extreme right-wing government formed under Benjamin Netanyahu in Israel