| Sunday, 3rd September 2023, 3:21 pm

രോഹിത് പാകിസ്ഥാനി, വിരാടിനൊരിക്കലും ഇന്ത്യക്കാരനാകാന്‍ കഴിയില്ല; പാക് താരങ്ങളുമായുള്ള സൗഹൃദത്തിനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ താരങ്ങളുമായി സൗഹൃദം പങ്കിട്ടതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി തീവ്ര ഹിന്ദുത്വ പ്രൊഫൈലുകള്‍. കഴിഞ്ഞ ദിവസം കാന്‍ഡിയിലെ പല്ലേക്കലേ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് പിന്നാലെയായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങളുമായി തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്.

മഴമൂലം മത്സരം ഉപേക്ഷിച്ചിരുന്നു. മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇരുടീമിന്റെയും താരങ്ങള്‍ പരസ്പരം സംസാരിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി, രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ക്കെതിരെ അധിക്ഷേപവുമായി ഇക്കൂട്ടര്‍ എത്തിയത്.

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ ടീമിന്റെ താരമാണെന്നും ഇവര്‍ക്കൊന്നും ഇന്ത്യന്‍ ടീമിനോട് യാതൊരു വിധത്തിലുള്ള പ്രതിബദ്ധതയില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. വിരാട് കോഹ്‌ലിക്ക് ഒരിക്കലും ഇന്ത്യയെ സ്‌നേഹിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ ഹിന്ദുക്കളല്ലെന്നും തുടങ്ങി അധിക്ഷേപ പോസ്റ്റുകളും കമന്റുകളും നിറയുകയാണ്.

അതേസമയം, ഗ്രൗണ്ടില്‍ എതിരാളികള്‍ തമ്മിലുള്ള സൗഹൃദത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ഫ്രണ്ട്ഷിപ്പ് ഗ്രൗണ്ടിന് പുറത്തായിരിക്കണമെന്നും കളിക്കളത്തിലിറങ്ങുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നവരാണെന്ന കാര്യം ഓര്‍ക്കണെന്നും മത്സരത്തിനിടെയുള്ള ചര്‍ച്ചയില്‍ ഗംഭീര്‍ പറഞ്ഞിരുന്നു.

‘ഇപ്പോള്‍ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ ഫ്രണ്ട്‌ലി പഞ്ചുകള്‍ നല്‍കുകയാണ്. അവന്‍ പഞ്ച് ചെയ്യുന്നു, തിരിച്ച് പഞ്ച് ചെയ്യുന്നു. ഇതൊന്നും ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകള്‍ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇതോടെ ഗ്രൗണ്ടില്‍ അഗ്രഷന്‍ ഇല്ലാതെയായി.

ഞാന്‍ കളിക്കുമ്പോഴൊന്നും എതിരാളികളുമായി ഇത്തരത്തിലുള്ള ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ല. ഗ്രൗണ്ടില്‍ സൗഹാര്‍ദപരമായി സംസാരിക്കുന്നതിന് ഞാനെതിരല്ല, പക്ഷേ അപ്പോഴും നിങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നും അപ്പോള്‍ അവര്‍ ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളല്ല എന്നതും മറക്കരുത്. ഇത് മത്സരമാണ്, സുഹൃദ്ബന്ധങ്ങളെല്ലാം പുറത്ത് നിര്‍ത്തണം.

മത്സരം അവസാനിച്ചതിന് ശേഷമായിരിക്കണം അവര്‍ ഫ്രണ്ട്ഷിപ്പ് പ്രകടിപ്പിക്കേണ്ടത്. ക്രിക്കറ്റിലെ ആ ആറോ ഏഴോ മണിക്കൂറുകള്‍ അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണ്, കാരണം നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ ഓരോ ആളുകളെയുമാണ് പ്രതിനിധീകരിക്കുന്നത്.

മുന്‍കാലങ്ങളിലൊന്നും ഇത്തരത്തിലൊന്ന് സംഭവിച്ചിരുന്നില്ല, എന്നാലിപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ പരസ്പരം തമാശ പറയുകയാണ്. ഇത്തരത്തില്‍ നിങ്ങള്‍ ഒരു ഫ്രണ്ട്ലി മാച്ചാണ് കളിക്കുന്നത്,’ ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവെക്കുകയായിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിന് യോഗ്യത നേടുകയും ചെയ്തു. ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ നേപ്പാളിനെ വന്‍മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു, ഇതാണ് പാകിസ്ഥാന് സൂപ്പര്‍ ഫോറിലേക്കുള്ള വഴിതുറന്നത്.

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ നേപ്പാളിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. സെപ്റ്റംബര്‍ നാലിന് പല്ലേക്കലേ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാന്‍ സാധിക്കും.

Content Highlight:  Extreme Hindutva profiles with abusive remarks against Indian superstars after sharing friendship with Pakistani stars.

We use cookies to give you the best possible experience. Learn more