ന്യൂദല്‍ഹി: ഐ.പി.എല്‍ സംപ്രേഷണാവകാശമുള്ള നാഷണല്‍ ടെലിവിഷന്‍ ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബഹിഷ്‌ക്കരിക്കാന്‍ തീവ്ര ഹിന്ദുത്വവാദികളുടെ ആഹ്വാനം. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍ മാച്ചിനിടെ പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയനായ മുനവര്‍ ഫാറൂഖിയെ അവതാരകനായി ക്ഷണിച്ചതാണ് തീവ്ര ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ട്വിറ്ററില്‍ #BoycottStarSports എന്ന ഹാഷ് ടാഗുമായാണ് ഇക്കൂട്ടര്‍ തീവ്രമായ മതവിദ്വേഷ പ്രചരണം നടത്തിവരുന്നത്. ബഹിഷ്‌ക്കരണാഹ്വാനം നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലാണ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും 22000ത്തിന് മുകളില്‍ ആളുകള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
‘ദൈവ നിഷേധിയും വഞ്ചകനും ആന്റി നാഷണലും ഹിന്ദുത്വവിരുദ്ധനുമായ ഒരാളെ ചാനലിന്റെ അംബാസിഡറാക്കുന്നത് ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിന് തുല്യമാണ്’ എന്നാണ് ഒരാള്‍ ചാനല്‍ ബഹിഷ്‌ക്കരിക്കാന്‍ കാരണമായി പറയുന്നത്.
ഹിന്ദുഫോബിക് ആയ മുനവര്‍ ഫാറൂഖിയെ പോലെ ഒരാളെ എന്തിനാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ഷണിച്ച് വരുത്തുന്നതെന്നും അതിനാല്‍ ചാനല്‍ ബഹിഷ്‌ക്കരിക്കാനാണ് തീരുമാനമെന്നും ശശാങ്ക് ശേഖര്‍ ജാ എന്നൊരാള്‍ ട്വീറ്റ് ചെയ്തു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നവനെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തലയില്‍ എടുത്തുകൊണ്ട് നടക്കുന്നതെന്ന് മറ്റൊരാളും ട്വീറ്റ് ചെയ്തു.
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബഹിഷ്‌ക്കരിച്ച് പകരം ജിയോ ടിവി ഉപയോഗിക്കാനും ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തു. കേരള സ്‌റ്റോറിയും ദി കശ്മീരി ഫയല്‍സും പ്രമോട്ട് ചെയ്യാന്‍ മടിക്കുന്ന ബോളിവുഡ്, ഹിന്ദുത്വവിരുദ്ധനും പ്രൊപഗണ്ടിസ്റ്റുമായ മുനവര്‍ ഫാറൂഖിന് അവസരം നല്‍കുന്നതിനേയും ചിലര്‍ വിമര്‍ശിച്ചു.
അതേസമയം, ചാനലിനെ വിമര്‍ശിക്കുന്ന ചിലര്‍ മുസ്‌ലിമായ ഇര്‍ഫാന്‍ പത്താനെതിരെയും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. പാകിസ്ഥാ ന്‍ താരങ്ങളെ ആവശ്യത്തിലേറെ പുകഴ്ത്തുന്ന ഇര്‍ഫാന്‍ പത്താനെ ഒക്കെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് വലിയ കാര്യത്തില്‍ കൊണ്ടു നടക്കുന്നതെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.