റോം: ബെനിറ്റോ മുസോളിനിയുടെ ഭരണത്തിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ഇറ്റലിയില്‍ അധികാരത്തിലേക്ക്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി (Brothers of Italy) ഇറ്റലിയില്‍ അധികാരത്തിലെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.
തീവ്ര വലതുപക്ഷ നിലപാടുകളുള്ള ജോര്‍ജിയ മെലോണി (Giorgia Meloni) പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ രണ്ട് ഹൗസുകളിലും 40 ശതമാനത്തിലധികം (42.2) സെനറ്റ് വോട്ടുകള്‍ നേടിക്കൊണ്ടായിരിക്കും ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഭരണത്തിലേറുക.
അങ്ങനെയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന ഏറ്റവും തീവ്രമായ വലതുസര്‍ക്കാരായിരിക്കുമിത്.
22 മുതല്‍ 26 ശതമാനം വരെ വോട്ടുകള്‍ നേടി മെലോണി വിജയിക്കുമെന്നാണ് സൂചന. അന്തിമ ഫലം തിങ്കളാഴ്ച വൈകുന്നേരത്തോടെ പുറത്തുവരും. 2018ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് ശതമാനം വോട്ട് മാത്രമായിരുന്നു മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിക്കുണ്ടായിരുന്നത്.
പൗരാവകാശം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മുസ്‌ലിം വിഭാഗങ്ങളുടെ ജീവിതം, കുടിയേറ്റ നയങ്ങള്‍ എന്നിവയിലൊക്കെ തീര്‍ത്തും പിന്തിരിപ്പന്‍ നിലപാടുകള്‍ കൈക്കൊള്ളുന്ന പാര്‍ട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി.
”എല്‍.ജി.ബി.ടി ലോബിയോടൊപ്പമല്ല, ‘സ്വാഭാവിക’ കുടുംബങ്ങള്‍ക്കൊപ്പം. സെക്ഷ്വല്‍ ഐഡന്റിറ്റിക്കൊപ്പം, ജെന്‍ഡര്‍ ഐഡിയോളജിക്കൊപ്പമല്ല. ആണും പെണ്ണുമെന്ന യാഥാര്‍ത്ഥ്യത്തിനൊപ്പം. ലൈംഗിക ന്യൂനപക്ഷ വാദത്തിനൊപ്പമല്ല.
ഇസ്‌ലാമിക ഭീകരതക്കൊപ്പമല്ല, ഈ രാജ്യത്തിന്റെ ആഭ്യന്തര- അതിര്‍ത്തി സുരക്ഷക്കൊപ്പം. കൂട്ടത്തോടെയുള്ള കുടിയേറ്റത്തിനൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാര്‍ക്കൊപ്പം.
ആഗോള സാമ്പത്തിക ആശങ്കകള്‍ക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതക്കൊപ്പം,” എന്നായിരുന്നു നേരത്തെ ഒരു പ്രസംഗത്തിനിടെ തങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമായി മെലോണി ഉയര്‍ത്തിക്കാണിച്ചത് എന്നാണ് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നത്.
തങ്ങള്‍ മുസോളിനിയുടെ ആരാധകരാണ്, അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ്, എന്നും ബ്രദേഴ്‌സ് ഓഫ് ഇറ്റലി പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി. തീവ്ര ദേശീയവാദ നിലപാടുള്ള മെലോണി പ്രധാനമന്ത്രിയാകുന്നതോടെ അത് യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പിനെ തന്നെ മോശമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തലുകള്‍. യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയില്‍ നിന്ന് ഇറ്റലി അകന്നേക്കുമെന്നാണ് ഉയരുന്ന ആശങ്ക.
ഇറ്റലിയിലെ പുതിയ ഭരണകൂടം മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും സാന്നിധ്യമുള്ള നവ നാസി- ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അത് ഊര്‍ജമാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ അവസാനത്തോടെയായിരുന്നു ഇറ്റലിയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മരിയോ ഡ്രാഘി രാജിവെച്ചത്. സര്‍ക്കാര്‍ നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും രാഷ്ട്രീയ ഭിന്നതകളാല്‍ പ്രധാന സഖ്യ കക്ഷികളെല്ലാം വിട്ടുനിന്നതോടെയായിരുന്നു ഡ്രാഘിയുടെ രാജി.