| Wednesday, 29th April 2020, 11:00 am

'അങ്ങേയറ്റത്തെ അനുമാനങ്ങള്‍'; ഇര്‍ഫാന്‍ഖാന്റെ മരണവാര്‍ത്തയില്‍ രൂക്ഷമായി പ്രതികരിച്ച് വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടന്‍ ഇര്‍ഫാന്‍ഖാന്‍ കുടല്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ ഇര്‍ഫാന്‍ ഖാന്‍ മരണപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തള്ളി വക്താവ്. ഇത്തരം അഭ്യൂഹങ്ങള്‍ അങ്ങേയറ്റത്തെ അനുമാനങ്ങളും സാങ്കല്‍പ്പികവുമാണെന്നാണ് ഇദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

” ഇര്‍ഫാന്‍ഖാന്റെ ആരോഗ്യത്തെ സംബന്ധിച്ച് അങ്ങേയറ്റത്തെ അനുമാനങ്ങള്‍ ഉണ്ടാവുന്നത് നിരാശാജനകമാണ്. ആളുകള്‍ ആശങ്കാകുലരാണെന്നതിനെ ഞങ്ങള്‍ വിലമതിക്കുന്നു. ചില സ്രോതസ്സുകള്‍ കടുത്ത അഭ്യൂഹങ്ങള്‍ പരത്തുകയും പരിഭ്രാന്ത്രി സൃഷ്ടിക്കുകയും ചെയ്യുന്നത് നിരാശാജനകമാണ്,” ഇര്‍ഫാന്‍ഖാന്റെ വക്താവ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“ഇര്‍ഫാന്‍ഖാന്‍ ശക്തനാണ്. ഇപ്പോഴും പോരാട്ടത്തിലാണ്. കിംവദന്തികള്‍ക്ക് വഴങ്ങരുതെന്നും ഇത്തരം സംഭാഷണങ്ങളുടെ ഭാഗമാവരുതെന്നും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more