അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ അണിയിച്ചൊരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രം 21 ഗ്രാംസ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
നിഗൂഢ സ്വഭാവമുള്ള ഒരു കുറ്റാന്വേഷണ ചിത്രം എന്ന അവകാശവാദവുമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ആ വാദങ്ങളോട് നീതി പുലര്‍ത്തുന്നു എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ ഒന്നടങ്കം പങ്കുവെക്കുന്നത്.
ആദ്യ ദിനം കാര്യമായ പരസ്യ സ്റ്റണ്ടുകളും പബ്ലിസിറ്റിയും ഇല്ലാതെ വളരെ കുറഞ്ഞ ഷോകളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് ക്രമേണ മികച്ച അഭിപ്രായങ്ങള്‍ കൂടി വന്നതോടെ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ കൂട്ടമായെത്തുകയാണ്.
ഇതിന് പിന്നാലെയാണ് എക്‌സ്ട്രാ ഷോകളടക്കം ചാര്‍ട്ട് ചെയ്യാനും പ്രദര്‍ശനം വര്‍ധിപ്പിക്കാനും തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. എട്ടോളം സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് വ്യാപകമായ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്.
അതേസമയം നേരത്തെ ചിത്രത്തിലെ ആദ്യഗാനമായ ‘വിജനമാം താഴ്വാരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുമ്പോള്‍ തന്നെ ചിത്രത്തിന് ഒരു ഇമോഷണല്‍ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.