| Tuesday, 11th April 2023, 4:39 pm

വിവാഹേതര ബന്ധം പൊറുക്കാനാവാത്ത തെറ്റോ? പ്രണയ വിലാസവും പൂക്കാലവും പറഞ്ഞുവെക്കുന്നത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹേതര ബന്ധങ്ങളെ കേന്ദ്രീകരിച്ച് അടുത്ത കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളാണ് പ്രണയ വിലാസവും പൂക്കാലവും. ഫീല്‍ ഗുഡ് മോഡില്‍ പോകുന്ന രണ്ട് ചിത്രങ്ങളും മികച്ച അനുഭവങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വലിയ സങ്കീര്‍ണതകളൊന്നും കഥ പറച്ചിലില്‍ കൊണ്ടുവരാതെ ആഴത്തില്‍ പ്രേക്ഷക മനസിലേക്കിറങ്ങാനും ഇരുചിത്രങ്ങള്‍ക്കുമായി.

സ്ത്രീകളുടെ വിവാഹേതര ബന്ധങ്ങളെയാണ് പൂക്കാലവും പ്രണയ വിലാസവും അഡ്രസ് ചെയ്തത്. പ്രണയ വിലാസത്തില്‍ പുരുഷന്റെ വിവാഹേതര ബന്ധവും കാണിക്കുന്നുണ്ടെങ്കിലും സ്ത്രീയുടെ പ്രണയമാണ് ചര്‍ച്ചയിലേക്ക് വഴിവെക്കുന്നതും സിനിമയുടെ ഗതി മാറ്റുന്നതും.

പ്രണയ വിലാസത്തിലായാലും പൂക്കാലത്തിലേയും സ്ത്രീകളുടെ വിവാഹേതര ബന്ധത്തിനുള്ള പൊതുസ്വഭാവം, പങ്കാളിയില്‍ നിന്നും അവഗണിക്കപ്പെടുമ്പോഴാണ് അവര്‍ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നത്‌ എന്നതാണ്.

വീട്ടില്‍ ഏകാകിയായിരിക്കുന്ന പ്രണയ വിലാസത്തിലെ അനുശ്രീ ഭര്‍ത്താവിനാല്‍ അവഗണിക്കപ്പെടുകയാണ്. അയാള്‍ക്കും മകനും വെച്ചുവിളമ്പി, അവരുടെ തുണികള്‍ തിരുമ്പി പരിഗണനയോ സ്നേഹമോ ലഭിക്കാതെ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ ജീവിക്കുന്ന പാറ്റേണില്‍ അവര്‍ മുമ്പോട്ട് പോകുന്നു.

മുന്‍കാമുകി വിളിക്കുമ്പോള്‍ കൊഞ്ചി കുഴയുന്ന രാജീവ് ഭാര്യ സിനിമക്ക് പോകാനുള്ള ആഗ്രഹം പറയുമ്പോള്‍ മറുപടി പോലും പറയുന്നില്ല. ഈ അവസരത്തിലാണ് മുന്‍കാമുകനുമായുള്ള ബന്ധം അനുശ്രീ പൊടിതട്ടിയെടുക്കുന്നത്. പുരുഷന്റെ വിവാഹേതര ബന്ധം നോര്‍മലൈസ് ചെയ്യപ്പെടുകയോ നിസാരവല്‍ക്കരിക്കപ്പെടുകയോ ചെയ്യുമ്പോള്‍ തന്നെ സ്ത്രീകളുടെ വിവാഹേതര ബന്ധത്തില്‍ സമൂഹം സ്വീകരിക്കുന്ന ഇരട്ടത്താപ്പും ചിത്രത്തില്‍ തുറന്നുകാണിക്കപ്പെടുന്നുണ്ട്.

പൂക്കാലത്തിലേക്ക് വന്നാലും മകന്‍ മരിച്ച ദുഖത്തില്‍ കുടുംബത്തെ ഉപദ്രവിക്കുന്ന മാനസികാവസ്ഥയിലേക്ക് കടക്കുന്ന ഇട്ടൂപ്പ് പോകുമ്പോള്‍ കൊച്ചുത്രേസ്യക്ക് ആശ്വാസമാകുന്നത് മകളുടെ പാട്ടുമാഷാണ്. അതില്‍ നിന്നും അവര്‍ പിന്നീട് തിരികെ നടക്കുന്നുമുണ്ട്. എന്നാല്‍ ആ പ്രണയത്തിന്റെ സ്മരണക്കായി കത്ത് സൂക്ഷിച്ച് വെക്കുന്നത് അതിന്റെ അലയൊലികള്‍ മനസില്‍ കിടക്കുന്നതുകൊണ്ടും കൂടിയാണ്. തെറ്റെന്ന് തോന്നി നമ്മള്‍ ചെയ്യുന്ന ശരികളും ശരിയെന്ന് തോന്നി ചെയ്യുന്ന തെറ്റുകളുമുണ്ട്, തെറ്റ് മനസിലാക്കി ക്ഷമ ചോദിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റെന്നാണ് പൂക്കാലം പറഞ്ഞുവെക്കുന്നത്.

വിവാഹേതര ബന്ധം തെറ്റാണെന്നോ ശരിയാണെന്നോ ക്യത്യമായ ഒരു ഉത്തരം രണ്ട് സിനിമകളും നല്‍കുന്നില്ല. പകരം അതിലേക്ക് നയിക്കുന്ന കാരണങ്ങളും പങ്കാളിയും സാഹചര്യങ്ങളും അതില്‍ വഹിക്കുന്ന പങ്കും തുറന്ന് കാണിക്കുന്നുണ്ട് രണ്ട് ചിത്രങ്ങളും.

Content Highlight: extra marital affairs in pookkalma and pranaya vilasam

We use cookies to give you the best possible experience. Learn more