അമൃത്‌സര്‍: സ്ത്രീക്ക് വിവാഹേതര ബന്ധമുള്ളത് കുട്ടിയെ വിട്ട് കൊടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹേതര ബന്ധമുള്ളതുകൊണ്ട് മാത്രം അവരെ നല്ല അമ്മയല്ലെന്ന് വിധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ സ്വഭാവത്തെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കുന്നത് സര്‍വ്വ സാധാരണമാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.
മകളെ വിട്ടു കിട്ടുന്നതിനായി പഞ്ചാബിലെ ഫത്തേഗര്‍ സാഹിബ് ജില്ലയിലെ ഒരു യുവതി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. വിവാഹബന്ധം വേര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ പൗരനായ മുന്‍ ഭര്‍ത്താവില്‍ നിന്ന് മകളെ തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് യുവതി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
നിലവില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അമ്മയ്ക്ക് കുട്ടിയെ വിട്ടു നല്‍കണമെന്ന് ജസ്റ്റിസ് അനുപിന്ദര്‍ ഗ്രെവാള്‍ ഉത്തരവിട്ടു.
യുവതിയ്ക്ക് അവരുടെ ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വാദം. 2020ല്‍ ഇന്ത്യയിലെത്തിയ ഇവര്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ, മകളെയും കൊണ്ട് മുന്‍ ഭര്‍ത്താവ് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോകുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
വളര്‍ച്ചയുടെ സമയത്ത് കുട്ടിക്ക് അമ്മയുടെ സ്‌നേഹവും കരുതലും അത്യാവശ്യമാണ് എന്നതിനാല്‍ കുട്ടിയെ അമ്മയ്ക്ക് തന്നെ വിട്ടുനല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight:Extra-marital affair no ground to deny custody of child to mother: HC