| Monday, 7th October 2024, 8:30 am

ഐക്യരാഷ്ട്ര സഭ പഴയ കമ്പനിപോലെ, സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനമില്ല: എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഐക്യരാഷ്ട്ര സഭയുടെ നിലവിലെ പ്രവര്‍ത്തനം പഴയ കമ്പനിയെ പോലെയാണെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനമില്ലെന്നും ജയശങ്കര്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന കൗടില്യ സാമ്പത്തിക കോണ്‍ക്ലേവിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

യു.എന്‍ നിലനില്‍ക്കുമ്പോഴും ആഗോളപ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നും രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാവുന്നില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റ്, ഉക്രെയിന്‍ അടക്കമുള്ള സംഘര്‍ഷങ്ങളില്‍ യു.എന്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സമീപ വര്‍ഷങ്ങളില്‍ നടന്ന ആഗോളപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ യു.എന്നിന്റെ പ്രസക്തി കുറഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

നിലവില്‍ ബഹുമുഖ ഘടനയായി നിലനില്‍ക്കുന്ന യു.എന്നിന്റെ പ്രവര്‍ത്തനം എത്രത്തോളം നീതിയുക്തമാണെന്നും പ്രവര്‍ത്തനക്ഷമമാണെന്നും പരിശോധിക്കണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 വ്യാപനം, ലോകരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ യു.എന്നിന്റെ ഇടപെടലുകള്‍ ഫലപ്രദമായിരുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1945ല്‍ രൂപീകരിച്ച യു.എന്നിന്റെ ഘടന പരിഷ്‌കരിക്കണമെന്നും രക്ഷാസമിതിയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നും പറഞ്ഞ ജയശങ്കര്‍ ഇതിനു വേണ്ടി കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യവും വ്യക്തമാക്കി.

ലോകരാജ്യങ്ങളില്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ എല്ലാ രാജ്യങ്ങളും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീരുമാനമെടുക്കണമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങളുമായുള്ള ഇടപെടലില്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും വിദേശകാര്യ മന്ത്രി പരാമര്‍ശിച്ചു.

Content Highlight: external affairs minister s. Jayasankar criticize UN

We use cookies to give you the best possible experience. Learn more