| Tuesday, 23rd April 2024, 10:26 pm

മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.പി.എ സര്‍ക്കാര്‍ സൈനിക നടപടിയൊന്നും സ്വീകരിച്ചില്ല: എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ ആരോപണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മുംബൈ ഭീകരാക്രമണത്തിന് ശേഷം യു.പി.എ സര്‍ക്കാര്‍ സൈനിക നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ജയശങ്കറിന്റെ ആരോപണം. പാകിസ്ഥാനെ ആക്രമിക്കുന്നതിന് കൂടുതല്‍ ചെലവ് വഹിക്കേണ്ടി വരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.പി.എ സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയതെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇന്ത്യ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവയെ പ്രതിരോധിക്കാന്‍ ശക്തമായ നയതന്ത്ര തീരുമാനങ്ങളെടുക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, സൈന്യത്തെ പിന്തുണക്കുക എന്നീ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ഒരു സമ്മേളനത്തില്‍ ‘വിദേശ നയം ഇന്ത്യ വഴി: ഭിന്നതയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

മുംബൈ ആക്രമണത്തിന് ശേഷം മുന്‍ യു.പി.എ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാടിനെ കുറിച്ച് എഴുതിയിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. അത് പരിശോധച്ചതിന് ശേഷം നിങ്ങള്‍ തന്റെ വാദം വിലയിരുത്തണമെന്നും സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയ ചൈനയുടെ നീക്കത്തിലുള്ള വിദേശകാര്യ മന്ത്രിയുടെ പ്രതികരണം വിവാദത്തിലായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനിടയിലായിരുന്നു ചൈനയുടെ നീക്കം. എന്നാല്‍ ഈ നടപടി കാര്യമാക്കേണ്ടതില്ല എന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രതികരണം.

‘ഞാന്‍ ഇന്ന് നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാല്‍ അത് എന്റേതാകുമോ? അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണ്. പേരുകള്‍ മാറ്റുന്നതിലൂടെ ചൈനക്ക് യാതൊരു വിധത്തിലുള്ള ഗുണവുമുണ്ടാകില്ല,’ എസ്. ജയശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചൈനയുടെ നീക്കത്തെ ഗൗരവകരമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: External Affairs Minister S. Jaya Shankar criticize the UPA government on mumbai attack

We use cookies to give you the best possible experience. Learn more