| Sunday, 10th July 2022, 10:12 pm

യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്; സത്യം പുറത്തുവരും; സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരിച്ച് എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നടക്കാന്‍ പാടില്ലാത്തത് നടന്നതെന്നും കേസില്‍ സത്യം പുറത്തുവരുമെന്നും എസ്.ജയശങ്കര്‍ പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്നും കേരളത്തിലെത്തിയ ശേഷം നടത്തിയ പ്രതികരണത്തില്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.

യു.എ.ഇ കോണ്‍സുലേറ്റിലെ പ്രോട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

”ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. അതോടൊപ്പം ഒരു വിദേശരാജ്യത്തിന്റെ കോണ്‍സുലേറ്റും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അധികൃതരായാലും സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരായാലും നയതന്ത്ര ഉദ്യോഗസ്ഥരായാലും നിയമം പാലിച്ച് പെരുമാറണം എന്നതാണ് പ്രധാനം. ഈ രാജ്യത്ത് നിയമം അതിന്റെ വഴിക്ക് തന്നെ നടക്കും എന്നാണ് എനിക്ക് പറയാനുള്ളത്. സത്യം പുറത്തുവരും,” എസ്. ജയശങ്കര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പ്രതികരണം വരുന്നത് ആദ്യമായാണ്.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോണ്‍സുലേറ്റുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Content Highlight: External Affairs Minister S. Jaishankar on Kerala Gold Smuggling case

We use cookies to give you the best possible experience. Learn more