യു.എൻ ജനറൽ അസംബ്ലി; കാനഡക്ക് എസ്. ജയ്ശങ്കർ മറുപടി നൽകുമെന്ന് സൂചന
ന്യൂദൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നാളെ (സെപ്റ്റംബർ 27) യു.എൻ ജനറൽ അസംബ്ലിയിൽ കാനഡയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി സംസാരിക്കുമെന്ന് സൂചന.
ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യ. എന്നാൽ ട്രൂഡോയുടെ സിഖ് പ്രീണന രാഷ്ട്രീയം കാരണം അദ്ദേഹം വിഷയത്തിൽ നിന്ന് പിന്തിരിയാൻ സാധ്യതയില്ല. രഹസ്യാന്വേഷണ വിവരത്തിനോ തെളിവുകൾക്കോ നിയമസാധുത ഉണ്ടായാലും ഇല്ലെങ്കിലും നിജ്ജാറിന്റെ കൊലപാതകത്തിൽ ട്രൂഡോ ഇന്ത്യക്കാരന്റെ പേര് വലിച്ചിടുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ബൈഡൻ ഭരണകൂടവുമായുള്ള ഉഭയകക്ഷി യോഗത്തിന് വാഷിങ്ടണിലേക്ക് തിരിക്കുന്നതിന് മുമ്പ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ജയ്ശങ്കർ ട്രൂഡോക്ക് മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഷിങ്ടണിലെ യോഗത്തിൽ നയതന്ത്ര ബന്ധങ്ങൾക്കൊപ്പം യു.എസും കാനഡയും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ സഖ്യമായ ഫൈവ് ഐസ് നൽകിയ തെളിവിന്റെ ആധികാരികത സംബന്ധിച്ചും ജയ്ശങ്കർ ചർച്ച ചെയ്യുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കാനഡ, യു.എസ്, യു.കെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ സഖ്യമായ ഫൈവ് ഐസ്, നിജ്ജാറിന്റെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് വിവരങ്ങൾ കാനഡക്ക് കൈമാറിയിരുന്നു എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlight: External Affairs Minister S Jaishankar may respond to Canada’s Trudeau allegations at UN General Assembly