വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ രാജി വെച്ചു
India
വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ രാജി വെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th October 2012, 4:37 pm

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം  കൃഷ്ണ രാജിവച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. അഴിമതിയാരോപണമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

അഴിമതിക്കേസില്‍പ്പെട്ട മന്ത്രിമാരെ നീക്കുമെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഞായറാഴ്ചത്തെ പുനഃസംഘടനയില്‍ കൃഷ്ണ പുറത്തുപോകുമെന്ന് സൂചനയുണ്ടായിരുന്നു. ബാംഗ്ലൂര്‍- മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തില്‍ അഴിമതിനടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ലോകായുക്ത കൃഷ്ണയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.[]

അതേസമയം കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഞായറാഴ്ച നടക്കും. 11 മണിക്ക് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരെ ഒഴിവാക്കും. പകരം പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം നല്‍കും.

രണ്ടാം യു.പി.എ സര്‍ക്കാരിലെ അവസാന പുനഃസംഘടനയാകും ഞായറാഴ്ച നടക്കുക. അതുകൊണ്ട് തന്നെ പല പ്രമുഖരും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകും. ഇവരില്‍ ചിലരെ പാര്‍ട്ടിയുടെ ചുമതലക്കാരാക്കും.

2009 മെയ് മാസത്തിലാണ് കൃഷ്ണ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. വാര്‍ത്താ വിനിമയ മന്ത്രി അംബികാ സോണി, വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ, ടെലികോം മന്ത്രി കപില്‍ സിബല്‍ എന്നിവരെയാണ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകള്‍.

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ കൂടുതല്‍ പുതിയ മുഖങ്ങള്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തുമെന്നാണ് കരുതുന്നത്.

എണ്‍പതുകാരനായ കൃഷ്ണ മന്ത്രിസഭ വിട്ടേക്കുമെന്ന സൂചനകള്‍ ഏറെ നാളായുണ്ടായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ വിദേശകാര്യ മന്ത്രിയുടെ കാര്യക്ഷമതയെ ബാധിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കൃഷ്ണ വഴിമാറിയതോടെ സര്‍ക്കാരിലെ നാലു സുപ്രധാന വകുപ്പുകളില്‍ മൂന്നാമത്തേതിലാണു നേതൃമാറ്റത്തിനു വഴിയൊരുങ്ങുന്നത്. പി. ചിദംബരം ആഭ്യന്തരത്തില്‍ നിന്നു ധനകാര്യത്തിലെത്തിയതോടെ ഊര്‍ജ മന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രി പദം ഏറ്റെടുത്തിരുന്നു. സ്ഥിരതയുള്ളത് എ.കെ. ആന്റണിയുടെ പ്രതിരോധ വകുപ്പാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല ആര്‍ക്കെന്നതിനെക്കുറിച്ച് രാഷ്ട്രീയ ലോകം സജീവ ചര്‍ച്ചയിലാണ്. സാമ്പത്തിക തളര്‍ച്ചയുടെ കാലത്തു വിദേശ നയതന്ത്രജ്ഞത അതിപ്രധാനം. മുന്‍പു വിദേശകാര്യ സഹമന്ത്രിയായിരുന്ന വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ, നഗരവികസന മന്ത്രി കമല്‍നാഥ് എന്നിവരുടെ പേരുകള്‍ പ്രചരിക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്താനിടയുള്ള ശശി തരൂരിന്റെ തട്ടകവും വിദേശകാര്യമാണ്. അദ്ദേഹം സഹമന്ത്രിയായി തിളങ്ങി നിന്നപ്പോള്‍ കൃഷ്ണയ്ക്കു ശേഷം തരൂര്‍ എന്ന നിഗമനം ഉയര്‍ന്നതുമാണ്.