| Monday, 26th December 2016, 5:31 pm

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് പ്രവാസികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


അസാധുവാക്കിയ നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രവാസികള്‍ രംഗത്തെത്തിയത്.


ദുബായ്: നവംബര്‍ 8ന് നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് പ്രവാസികള്‍. നോട്ട് മാറാനുള്ള സമയപരിധി നീട്ടുകയോ യു.എ.ഇയില്‍ ഇതിനുള്ള സൗകര്യമൊരുക്കുകയോ വേണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

അസാധുവാക്കിയ നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രവാസികള്‍ രംഗത്തെത്തിയത്. 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നോട്ടു മാറാന്‍ കഴിയുമെങ്കിലും പരിമിതമായ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടില്ലെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

യു.എ.ഇയിലെ 2.6 ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ മിക്കവരുടേയും പക്കല്‍ അസാധുവാക്കിയ നോട്ടുകളുണ്ട്. ഇതു മാറ്റിയെടുക്കാന്‍ ഗള്‍ഫ് നാടുകളില്‍ സര്‍ക്കാര്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. നാട്ടിലെത്തുമ്പോള്‍ കുറഞ്ഞത് 25,000 രൂപയുടെ അസാധു നോട്ടുകളെങ്കിലും ബാങ്കില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.

യു.എ.ഇയില്‍ വാണിജ്യ ഇടപാടുകളുള്ള ബാങ്ക് ഓഫ് ബറോഡ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുമതി നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രവാസികളുടെ ആശങ്ക കേന്ദ്ര ധനമന്ത്രാലയത്തേയും റിസര്‍വ് ബാങ്കിനേയും അറിയിച്ചിട്ടുണ്ടെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

നോട്ട് മാറുന്നതിന് എംബസി വഴി സംവിധാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദല്‍ഹിയില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് അതു സംബന്ധിച്ച നീക്കങ്ങളൊന്നുമുണ്ടായില്ല.

പ്രവാസികളുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക്, റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിരുന്നെങ്കിലും ഇതും റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more