| Friday, 29th March 2019, 2:07 pm

50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ ആറ് ദിവസം നീളും; സുപ്രീം കോടതിയില്‍ എതിര്‍പ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതില്‍ എതിര്‍പ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. 50 ശതമാനത്തിലേറെ വിവിപാറ്റുകള്‍ എണ്ണണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

കൂടുതല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് എന്താണെന്ന് വ്യക്തമാക്കാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. ഇതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയത്.


സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി കോടികള്‍ വാഗ്ദാനം ചെയ്തു; കുമാരസ്വാമിയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു: വെളിപ്പെടുത്തലുമായി എച്ച്.ഡി ദേവഗൗഡ


50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം നീളുമെന്നും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്. വിവി പാറ്റ് രസീതുകള്‍ എണ്ണുമ്പോഴും പിഴവുകള്‍ സംഭവിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഒരു മണ്ഡലത്തിലെ ഒരു ബൂത്തില്‍ മാത്രം വിവിപാറ്റ് രസീതുകള്‍ എണ്ണുന്ന രീതിയില്‍ തൃപ്തരാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ജുഡീഷ്യറി അടക്കം സ്ഥാപനങ്ങള്‍ നവീകരിക്കപ്പെടണമെന്നും അതിന് സ്വന്തം നിലയില്‍ തയ്യാറാകാത്തതുകൊണ്ടാണല്ലോ കോടതിക്ക് ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടി വരുന്നതെന്നും അന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more