| Saturday, 24th July 2021, 10:51 am

ആരെയും അറസ്റ്റ് ചെയ്യാം; പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ദേശ സുരക്ഷ നിയമത്തിന്റെ പരിധിയില്‍പ്പെടുന്ന കേസുകളില്‍ ആരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നല്‍കിയിരിക്കുന്നത്.

ഈ നിയമത്തിന് കീഴില്‍ 2021 ഒക്ടോബര്‍ പതിനെട്ട് വരെ ആരെയും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലീസ് കമ്മീഷണര്‍ക്കുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

ദല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദല്‍ഹിയിലെ ജന്തര്‍ മന്തറിലെത്തിയ 200 കര്‍ഷകര്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പുതിയ പ്രതിഷേധ രീതി. സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരും. പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തി കര്‍ഷകപ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേരത്തെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Extended Power To Police Granted By Delhi Lt.Governor

We use cookies to give you the best possible experience. Learn more