വാഷിംഗ്ടണ്‍: കൊവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം യുക്തിസഹമായ നീക്കമാണെന്ന് വൈറ്റ് ഹൗസ് മെഡിക്കല്‍ അഡ്‌വൈസര്‍ ഡോ. ആന്റണി ഫൗസി. എ.എന്‍.ഐ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ ജനതയെയും എത്രയും പെട്ടെന്ന് വാക്‌സിനേറ്റ് ചെയ്യുക എന്നതാണ് രാജ്യത്തിന് ചെയ്യാനുള്ളത്. അതുകൊണ്ട് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കുന്നതിനുള്ള ഇടവേള നീട്ടുന്നത് യുക്തിസഹമായ ഒരു നീക്കമായിരിക്കും,’ ആന്റണി ഫൗസി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കുന്നതിന് 12 മുതല്‍ 16 ആഴ്ചവരെ ദീര്‍ഘിപ്പിച്ചതായി ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്.
ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിന് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കാനായിരുന്നു വിദഗ്ധര്‍ തീരുമാനിച്ചിരുന്നത്. പിന്നീടത് ആറ് മുതല്‍ എട്ട് ആഴ്ചവരെ ദീര്‍ഘിപ്പിച്ചിരുന്നു.
എന്നാല്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ചവരെ ദീര്‍ഘിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ പുതിയ നിര്‍ദേശം. ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ തുടരുന്ന രീതി ഇതാണെന്നും ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് ഗുണകരമാണെന്നുമാണ് വിലയിരുത്തല്‍.
കൊവിഡ് മുക്തര്‍ക്ക് ആറ് മാസത്തിനു ശേഷം കുത്തിവെയ്പ് മതിയെന്നും വിദഗ്ധ സമിതി അറിയിച്ചു.
കൊവാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റം വന്നിട്ടില്ല. കൊവിഷീല്‍ഡ് വാക്‌സിന് രാജ്യമൊട്ടാകെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് സമിതിയുടെ പുതിയ റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക