മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
Kerala News
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 10:51 pm

കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. യു.എ.പി.എ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ആര്‍ അനിതയാണ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്.

സെപ്തംബര്‍ ഒന്നുവരെയാണ് കാലാവധി നീട്ടിയത്. കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുന്ന രൂപേഷിനെ വന്‍ സുരക്ഷാ സന്നാഹങ്ങളോടെ യാണ് കോഴിക്കോട് യു.എ.പി.എ കോടതിയില്‍ ഹാജരാക്കിയത്.

വിവിധ കേസുകളില്‍ വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷിനെതിരെ വളയം പൊലീസെടുത്ത കേസുകളാണ് കോഴിക്കോട്ട് പരിഗണിക്കുന്നത്.

Read:  ആലപ്പുഴയില്‍ യുവാക്കള്‍ തമ്മിലടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു

വിലങ്ങാട് വായാട് കോളനിയില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.

കോയമ്പത്തൂരിലെ കരുമറ്റംപട്ടിയില്‍ വെച്ച് കേരളം, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് പോലീസിന്റെ സംയുക്തസംഘമാണ് 2015 മെയില്‍ രൂപേഷും ഷൈനയുമടക്കമുള്ള അഞ്ച് പേരെ പിടികൂടിയത്.

മലയാളിയായ അനൂപ്, കര്‍ണാടക സ്വദേശിയായ ഈശ്വര്‍ എന്ന വീരമണി, തമിഴ്നാട് സ്വദേശിയായ കണ്ണന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

ആന്ധ്രാപ്രദേശിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്. 2008ല്‍ ഒളിവില്‍ പോയ രൂപേഷിനെ കേരളപോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.