| Monday, 6th April 2020, 11:12 pm

'ആദ്യം രക്ഷിക്കേണ്ടത് ജന ജീവിതം, സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും പിന്നീട് കരകയറാം'; ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കൊവിഡ് പ്രതിരോധത്തിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്‍ ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം രക്ഷിക്കേണ്ടത് ജനങ്ങളുടെ ജീവനാണ്. സാമ്പത്തിക രംഗത്തെ പിന്നീട് പടുത്തുയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യമേഖലയിലുള്ള അപര്യാപ്തതകള്‍ക്കിടയില്‍ കൊവിഡിനെ നേരിടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

‘ഏപ്രില്‍ 15 ന് ശേഷവും ലോക് ഡൗണ്‍ തുടരണം എന്നാണ് എന്റെ അഭിപ്രായം. കാരണം, നമുക്ക് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും പിന്നീടും കരകയറാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്റെ കാര്യം അങ്ങനെയല്ല’, റാവു മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസിനെതിരെ ഉപയോഗിക്കാന്‍ രാജ്യത്ത്് ആകെയുള്ള ആയുധം ലോക്ഡൗണ്‍ തുടരുക എന്നത് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവരുമായും കൂടിയാലോചിക്കുക, എല്ലാ മുഖ്യമന്ത്രിമാരോടും കൂടിക്കാഴ്ച നടത്തുക. വീഡിയോ കോണ്‍ഫറന്‍സ് നടത്തുക, എന്നാല്‍ തീരുമാനം വിവേകപൂര്‍ണമായി എടുക്കുന്നതാവണം. കാരണം, ഈ ഭയാനകമായ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ മറ്റൊരു ആയുധവുമില്ല’, അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.

കൊവിഡ് 19 ഒരു ആഗോള പ്രതിസന്ധിയാണെന്ന് പറഞ്ഞ റാവു ലോകത്തെ 22 രാജ്യങ്ങള്‍ നൂറ് ശതമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more