| Tuesday, 28th May 2019, 3:18 pm

മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് ഫലിച്ചു; മോദിക്കെതിരെയുള്ള ദുഖാചരണം പിന്‍വലിച്ച് മുസ്‌ലിം ജമാഅത്ത്

അലി ഹൈദര്‍

കോഴിക്കോട്: മോദിയുടെ കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന മെയ് 30ന് സംസ്ഥാനത്ത് ദുഖാചരണം നടത്തുമെന്ന ജമാഅത്ത് കൗണ്‍സിലിന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സംസ്ഥാന പ്രസിഡന്റ് എ.പുക്കുഞ്ഞ്. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരമേറ്റ സര്‍ക്കാറിനെതിരെ മതത്തിന്റെ ടൂള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന അതേ ദിവസം പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകളില്‍ നിന്നടക്കം എതിര്‍പ്പുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഖേദപ്രകടനം.

പ്രസ്താവന പിന്‍വലിക്കുന്നതായും ജനാധിപത്യ പ്രക്രിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നവെന്നും പൂക്കുഞ്ഞ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ജനങ്ങളെ ഒന്നായി കാണുമെന്നുമുള്ള പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാരമേല്‍ക്കുന്ന ഒരു സര്‍ക്കാറിനെതിരെ മതത്തിന്റെ ടൂള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഇ.കെ വിഭാഗം സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞത്.

തെക്കന്‍ കേരളത്തിലുള്ള അത്ര സ്വാധീനമൊന്നുമില്ലാത്ത കുറച്ച് മഹല്ല് കമ്മിറ്റിയെയൊക്കെ ചേര്‍ത്തിട്ടുള്ള ചെറു സംഘടനയാണ് മുസ്‌ലിം ജമാഅത്ത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികേരമേല്‍ക്കുന്ന ഒരു സര്‍ക്കാറിനെതിരെ മതത്തിന്റെ ടൂള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന മെയ് 30ന് സംസ്ഥാനത്ത് ദുഖാചരണം നടത്തുമെന്ന് ജമാഅത്ത് കൗണ്‍സില്‍ എടുത്ത നിലപാട് മുസ്‌ലിം സമുദായത്തെ മൊത്തം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്തരം നിലപാടുകളോട് യോജിപ്പില്ല. അത് സമസ്തയുടെയോ കേരളത്തിലെ മൊത്തം മുസ്‌ലിം സമുദായത്തിന്റേയോ അഭിപ്രായവുമല്ല. ഇവരുടേത് ഒരു പത്രക്കുറിപ്പ് കൊണ്ട് തീരുന്ന പ്രസ്താവന മാത്രമാണെന്നും സത്താര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇപ്പോള്‍ ഇ.വി.എമ്മുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളൊക്കെ  പുറത്തുവരുന്നുണ്ട്. എങ്കിലും നിലവില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ദിവസം ഇത്തരമൊരു പരിപാടി ശരിയല്ല. മോദി സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത പത്രക്കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിലായി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പലരും ഇത് മുസ്‌ലിം സമുദായത്തിന്റെ മൊത്തം നിലപാടെന്നോണം വിശ്വസിച്ച് കൊണ്ട് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന മെയ് 30ന് സംസ്ഥാനത്ത് ദുഖാചരണം നടത്തുമെന്നായിരുന്നു ജമാഅത്ത് കൗണ്‍സില്‍ അറിയിച്ചത്. നോമ്പ് രാവുകളില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയും സംരക്ഷിക്കുന്നതിന് പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന നടത്താനും സെക്രട്ടറിയേറ്റ് തീരുമാനിച്ചെന്നും എ.പുക്കുഞ്ഞ് പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

രാജ്യത്തെ 23 കോടി മുസ്ലിംകളുടെ സ്ഥിതി വേദനാജനകവും ഭാവി അപകടത്തിലുമാണ്. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വിവേകശൂന്യമായ തീരുമാനങ്ങളും കടുംപിടിത്തങ്ങളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. മോദിയെ ദുര്‍ഭലപ്പെടുത്താന്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടായിനിന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ശബരിമല വിവാദവുമായി ബന്ധപ്പെട്ട് രഹന ഫാത്തിമയെ സമുദായത്തില്‍നിന്നും പുറത്താക്കിയെന്ന് അവകാശപ്പെട്ട് ജമാ അത്ത് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. കൂടാതെ രഹ്ന ഫാത്തിമയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് അറിയിച്ചിരുന്നു.

രഹ്ന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാഅത്തുമായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവും ഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കുവാന്‍ അവകാശമില്ലെന്നുമായിരുന്നു കൗണ്‍സിന്റെ വാദം.

സമൂഹത്തിന്റെ മതവികാരത്തെ  വൃണപ്പെടുത്തിയ ഈ മുസ്‌ലിം നാമധാരിക്കെതിരെ 153 A വകുപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അന്ന് പൂക്കുഞ്ഞ് ആവശ്യപ്പെട്ടിരുന്നു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more