ചണ്ഡീഗഢ്: ലെബനിലും ഗസയിലും കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മെഹബൂബ മുഫ്തിയുടെ നിലപാടിനെ വിമര്‍ശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നസറുല്ല ഉള്‍പ്പെടെയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മെഹബൂബ മുഫ്തി ഇന്നത്തെ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തി വെച്ചിരുന്നു. ഈ നിലപാടിനെയാണ് ഹിമന്ത ബിശ്വശര്‍മ വിമര്‍ശിച്ചത്.
കശ്മീരില്‍ ഹിന്ദു സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വിഷമിക്കാറുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ലെബനനിലും ഫലസ്തീനിലും യുദ്ധം നടക്കുന്നത് അവരുടെ രാജ്യങ്ങളിലെ കാര്യമാണെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. ഹരിയാനയിലെ സോനിപത്തില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം.
‘ഇപ്പോള്‍ ഇസ്രഈലും ഫലസ്തീനും തമ്മില്‍ യുദ്ധം നടക്കുന്നു. ഇസ്രഈല്‍ സൈന്യം ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയെ കൊന്നു. അത് അവരുടെ രാജ്യത്തിന്റെ കാര്യമാണ്. എന്നാല്‍ ഇന്ന് കശ്മീരില്‍ ഹസന്‍ നസറുല്ലയോടുള്ള സങ്കടം കാരണം താന്‍ പ്രചരണത്തിനില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. തീവ്രവാദികള്‍ ഹിന്ദു സൈനികരെ കൊല്ലുമ്പോള്‍ നിങ്ങള്‍ക്ക് സങ്കടമുണ്ടോ ഇല്ലയോ?, ‘ഹിമന്ത ബിശ്വശര്‍മ പറഞ്ഞു.
ഇന്നലെ ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ലയടക്കം ലെബനനിലും ഗസയിലും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പി.ഡി.പി നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു. ഹസന്‍ നസറുല്ല രക്തസാക്ഷിയാണെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു.
ഹിസ്ബുല്ല നേതാവ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മെഹബൂബ മുഫ്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. ജമ്മു കശ്മീരില്‍ ഇന്ന് (ഞായറാഴ്ച) നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെക്കുന്നതായും പി.ഡി.പി നേതാവ് പറഞ്ഞിരുന്നു.
‘ലെബനനിലെയും ഗസയിലേയും രക്തസാക്ഷികള്‍ക്ക് പ്രത്യേകിച്ച് ഹസന്‍ നസറുല്ലയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ നടക്കാനിരിക്കുന്ന പി.ഡി.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെക്കുന്നു. ചെറുത്തുനില്‍പ്പിന്റെയും ദുഃഖത്തിന്റെയും ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങളോടൊപ്പം നില്‍ക്കുന്നു,’ മെഹബൂബ മുഫ്തി എക്സ് പോസറ്റില്‍ കുറിക്കുകയായിരുന്നു.
Content Highlight: expressed solidarity with those killed in lebanen and gaza ; himantha biswa sarma criticized mehbooba mufthi