ടെല്‍ അവീവ്: ദക്ഷിണ ടെല്‍ അവീവിലെ മൂന്നിടങ്ങളിലായി ഉഗ്ര സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. ബസിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമായാണ് മൂന്ന് വ്യത്യസ്ത സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇസ്രഈല്‍ സുരക്ഷാ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഇന്നലെ (വ്യാഴം) രാത്രിയിലാണ് മൂന്നിടങ്ങളിലും സ്‌ഫോടനമുണ്ടായത്. ടെല്‍ അവീവിലെ ബാത് യാമില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് ആദ്യം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റു രണ്ട് ബസുകളും കത്തി നശിച്ചു. പിന്നാലെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും ഉടന്‍ തന്നെ നാല് കിലോമീറ്റര്‍ അപ്പുറമുള്ള മറ്റൊരു കേന്ദ്രത്തിലും സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്.
സ്‌ഫോടനമുണ്ടായ ബസുകള്‍ക്ക് സമീപത്ത് നിന്ന് പൊട്ടാത്ത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ടെല്‍ അവീവിലുടനീളം സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും സ്‌ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. ബസ്, ട്രെയ്ന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കാനും ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
മൂന്നിടങ്ങളില്‍ സ്‌ഫോടനമുണ്ടായതിന് പിന്നാലെ ടെല്‍ അവീവിലുടനീളം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള തിരച്ചിലുകള്‍ ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷ സമിതി യോഗം വിളിച്ചതായും ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരാക്രമണം തന്നെയാണ് ടെല്‍ അവീവില്‍ നടന്നിട്ടുള്ളതെന്ന് ടെല്‍ അവീവ് സൈനിക കമാന്ററെ ഉദ്ധരിച്ചു കൊണ്ട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫലസ്തീനില്‍ നിര്‍മിച്ച സ്‌ഫോടക വസ്തുക്കള്‍ തന്നെയാണ് ടെല്‍ അവീവില്‍ പൊട്ടിത്തെറിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം അധിനിവേശ വെസ്റ്റ്ബാങ്കിലെ തുല്‍ക്കെറാമിലെ ബസുകളിലുണ്ടായ സ്‌ഫോടനവുമായി ഈ സ്‌ഫോടനങ്ങള്‍ക്ക് ബന്ധമുള്ളതായാണ് ഇസ്രഈല്‍ സൈന്യത്തിന്റെ സംശയം. പൊട്ടാതെ അവശേഷിച്ച സ്‌ഫോടക വസ്തുക്കളിലൊന്നില്‍ തുല്‍ക്കെറാം ക്യാമ്പിനുള്ള പ്രതികാരം എന്ന് രേഖപ്പെടുത്തിയിരുന്നതായി ഇസ്രഈല്‍ സൈന്യത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുല്‍ക്കെറാം ബ്രിഗേഡിന്റെ പ്രസ്താവനയും ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. വെസ്റ്റ്ബാങ്കില്‍ അധിനിവേശക്കാര്‍ ഉള്ളിടത്തോളം കാലം രക്താസാക്ഷികളുടെ പ്രതികാരമുണ്ടായിക്കൊണ്ടിരിക്കുമെന്ന് തുല്‍ക്കെറാം ബ്രിഗേഡിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേ സമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള അടുത്ത ബന്ദികൈമാറ്റം നാളെ നടക്കും. ഏഴാമത് ബന്ദികൈമാറ്റമാണ് നാളെ നടക്കുന്നത്. ആറ് ഇസ്രഈല്‍ ബന്ധികളെ ഹമാസ് നാളെ കൈമാറുമ്പോള്‍ 600 ഫലസ്തീന്‍ തടവുകാരെ ഇസ്രഈല്‍ വിട്ടയക്കും.
content highlights: Explosion in three places in Tel Aviv; It is indicated that it is revenge for the explosion in the West Bank