| Sunday, 24th November 2024, 9:25 am

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി; കെ. സുരേന്ദ്രന്‍ തമ്പടിച്ചതുകൊണ്ട് മാത്രം വിജയിക്കാനാകില്ല: ജില്ലാകമ്മിറ്റി അംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്ഥലത്ത് തമ്പടിച്ചതുകൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് പാലക്കാട് ജില്ലാകമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം മാത്രമല്ല, സ്ഥാനാര്‍ത്ഥി ശരിയല്ലെന്ന് പ്രവര്‍ത്തകരോ അണികളോ പറയുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

പ്രാദേശിക അണികളെ മുഷിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. പുറത്ത് നിന്ന് ആളുകളെ കൊണ്ടുവരുമ്പോള്‍ പ്രാദേശിക നേതാക്കള്‍ക്ക് മാനസികമായ വിഷമങ്ങളുണ്ടാകുമെന്നും സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു. തങ്ങളൊക്കെ പിന്നെ എന്തിനാണ് എന്ന ചിന്തയാണ് ഉണ്ടാകുക എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആളുകളുമായി എത്രമാത്രം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ചോദിച്ചു. പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചിന്തിക്കാമായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി പരിശോധിച്ച് പരിചിതമായ ഒരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം. എന്നിട്ട് ആ വ്യക്തിക്ക് പിന്തുണ പ്രഖ്യാപിച്ച് നേതാക്കള്‍ പ്രവര്‍ത്തിക്കണം,’ എന്നും സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

നേതാക്കള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചതുകൊണ്ട് മാത്രം വിജയിക്കില്ല. താഴെ തട്ടിലുള്ള നേതാക്കളുമായി ഒരു ബന്ധം ഉണ്ടാക്കണം. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പിനായി അനങ്ങിയിട്ട് പോലുമില്ലെന്നാണ് തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സി. കൃഷ്ണകുമാറിനെ പിന്തുണച്ച് കൂടെ നടക്കുന്നവര്‍ അദ്ദേഹത്തെ തന്നെ തുരങ്കം വെക്കുന്നവരാണെന്നാണ് തോന്നുന്നതെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി. സന്ദീപ് വാര്യര്‍ പാര്‍ട്ടിവിട്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

പോയവർ പോയെന്ന് മനസിലാക്കാതെ സന്ദീപ് വാര്യരെ ചെളി വാരിയെറിഞ്ഞത് തിരിച്ചടിയായെന്ന് തോന്നുന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ചെളി വാരിയെറിയുന്നത് ആരായാലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ 18724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. മുന്‍ എം.എല്‍.എ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ അധികം ഭൂരിപക്ഷമാണ് ഇത്. 53313 വോട്ടുകളാണ് രാഹുല്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സി. കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ പി. സരിന്‍ മൂന്നാം സ്ഥാനത്തുമാണ്.

Content Highlight: Explosion in Palakkad BJP

We use cookies to give you the best possible experience. Learn more