കോഴിക്കോട്: കഴിഞ്ഞ ദിവസം ലെബനനില്‍ പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം വയനാട് സ്വദേശിയായ മലയാളിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വയനാട്, മാനന്തവാടി സ്വദേശിയും നോര്‍വീജിയന്‍ പൗരനുമായ റിന്‍സണ്‍ ജോസിന് പേജറുകള്‍ വിതരണം ചെയ്ത കമ്പനിയുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ബള്‍ഗേറിയന്‍ ഷെല്‍ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ എന്ന കമ്പനിയുടെ ഉടമയാണ് റിന്‍സണ്‍. ഇദ്ദേഹമാണ് ഇസ്രഈലി ഷെല്‍ കമ്പനിയെന്ന് സംശയിക്കുന്ന ബി.എസി കണ്‍സള്‍ട്ടിങ്ങില്‍ നിര്‍മിച്ചുവെന്ന് സംശയിക്കുന്ന പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറാന്‍ മധ്യസ്ഥത വഹിച്ചതെന്നാണ് സൂചന.
മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ (39) നാട്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നോര്‍വെയിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്‌ഫോടനം നടന്നതിന് ശേഷം റിന്‍സണെ കാണാനില്ല എന്നാണ് റിപ്പോട്ട്. എന്നാല്‍ റിന്‍സണ് ഇസ്രഈലിന്റെ ഗൂഢാലോചനയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ നോര്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബള്‍ഗേറിയയിലെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്, പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് വില്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ഒന്നര ദശലക്ഷം യൂറോ ബള്‍ഗേറിയയിലൂടെ ഹംഗറിയിലേക്ക് അയച്ചതായി ബള്‍ഗേറിയന്‍ ചാനല്‍ ബി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.