World News
ഫ്രാന്‍സിലെ റഷ്യന്‍ കോണ്‍സുലേറ്ററില്‍ സ്‌ഫോടനം; ആളപായമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 24, 12:15 pm
Monday, 24th February 2025, 5:45 pm

പാരീസ്: ഫ്രാന്‍സിലെ മാർസെയ്‌ലിൽ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കോണ്‍സുലേറ്ററില്‍ സ്‌ഫോടനം. റഷ്യന്‍ കോണ്‍സല്‍ ജനറല്‍ സ്റ്റാനിസ്ലാവ് ഒറാന്‍സ്‌കി സ്‌ഫോടനം സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ അന്വേഷണം വേണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പുലര്‍ച്ചെയോടെ റഷ്യന്‍ കോണ്‍സുലേറ്റിന് സമീപം ഒരു സ്‌ഫോടനം ശബ്ദം കേട്ടതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രഞ്ച് പൊലീസിന് സ്‌ഫോടനം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിനുള്ളിലാണ് സ്‌ഫോടനം നടന്നത്.

സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ഫ്രഞ്ച് ബ്രോഡ്കാസ്റ്റര്‍ ബി.എഫ്.എം റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലേറ്റ് കെട്ടിടത്തിലുള്ള പൂന്തോട്ടത്തിലേക്ക് അക്രമികള്‍ രണ്ട് മൊളോടോവ് കോക്ടെയിലുകള്‍ എറിഞ്ഞതായാണ് വിവരം.

ഇതിനുപുറമെ കോണ്‍സുലേറ്റിന്റെ സമീപത്ത് നിന്ന് മോഷ്ടിക്കപ്പെട്ട ഒരു കാറും കണ്ടെത്തിയിട്ടുണ്ട്. റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് പറയുന്നത് പ്രകാരം, സംഭവത്തിന് ഭീകരാക്രമണത്തിന്റെ ലക്ഷണങ്ങളുണ്ട്. ആക്രമണത്തില്‍ ഇതുവരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2022 സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു. കാബൂളിലെ റഷ്യന്‍ എംബസിയുടെ പ്രവേശന കവാടം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ രണ്ട് എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടിരുന്നു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം, രാജ്യത്ത് ഒരു വിദേശ നയതന്ത്ര സ്ഥാപനത്തിന് നേരെയുണ്ടായ ആദ്യ ആക്രമണമായിരുന്നു ഇത്.

Content Highlight: Explosion at Russian Consulate in France; No casualty