| Tuesday, 1st April 2025, 7:54 pm

ഗുജറാത്തില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 18 പേര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദീസ പട്ടണത്തിലാണ് സംഭവം. ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണതായും തുടര്‍ന്ന് തൊഴിലാളികളും കുടുംബങ്ങളും സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ 18 പേര്‍ മരിച്ചവെന്നും ഒരു വലിയ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും പോലീസ് സൂപ്രണ്ട് അക്ഷയ്രാജ് മക്വാന പറഞ്ഞു.

സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ തന്നെ പിടികൂടുമെന്നും അതിനായി വലിയ പൊലീസ് നന്നാഹം തന്നെ സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറ്റവാളികളെ പിടികൂടാന്‍ അഹമ്മദാബാദിലേക്കും രാജസ്ഥാനിലേക്കും അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെയാണ് ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായതെന്നും അഗ്നിശമനസേന ഉടന്‍ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളുകളെ മേല്‍ക്കൂരയുടെ സ്ലാബ് തകര്‍ന്നതിനാല് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടര് മിഹിര്‍ പട്ടേല്‍ പറഞ്ഞതായി ഡെക്കന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

പടക്ക നിര്‍മാണ ശാല അനധികൃതമാണെന്നും മധ്യപ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ജോലി ചെയ്തിരുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.

അതേസമയം മരിച്ചവരുടെ കുടുംബഹങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Explosion at illegal firecracker factory in Gujarat; 18 dead, five injured

Latest Stories

We use cookies to give you the best possible experience. Learn more