തുര്‍ക്കിയില്‍ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രത്തില്‍ സ്‌ഫോടനം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
World News
തുര്‍ക്കിയില്‍ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രത്തില്‍ സ്‌ഫോടനം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th November 2022, 9:52 pm

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വന്‍ സ്ഫോടനം. പ്രശസ്ത കാല്‍നടപാതയുള്ള ഇസ്തിക്ലാല്‍ അവന്യൂവിലാണ് സ്ഫോടനമുണ്ടായത്. നഗരത്തിലെ പ്രധാനപ്പെട്ട വ്യാപാര കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണിത്. ഞായറാഴ്ചയായതിനാല്‍ സ്ട്രീറ്റില്‍ വിനോദസഞ്ചാരികളും ഉണ്ടായിരുന്നു.

സംഭവത്തില്‍ നാല് പേര്‍ മരിക്കുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്താംബുള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ അറിയിച്ചു. ആറ് പേര്‍ മരിച്ചിട്ടുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രാദേശിക സമയം ഏകദേശം വൈക്കീട്ട് 4:20 നാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്തുള്ള ഒരു വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തിരക്കുള്ള നടപ്പാതയിലൂടെ ആളുകള്‍ നടന്ന് നീങ്ങുമ്പോള്‍ വലിയ ശബ്ദം കേള്‍ക്കുന്നതും തീ ആളിപ്പടരുന്നതുമാണ് വീഡിയോയിലുള്ളത്.

ഇതുകൂടാതെയുള്ള സ്ഫോടനസ്ഥലത്തെ നിരവധി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സുരക്ഷാ സേനയും അത്യാഹിത വിഭാഗം സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

നേരത്തെ 2016, 2017 കാലഘട്ടത്തില്‍ ഇസ്തിക്ലാലില്‍ ഇത്തരത്തില്‍ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഏഴ് മാസത്തിനപ്പുറം രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയാണ് സ്‌ഫോടന വാര്‍ത്ത പുറത്തുവരുന്നത്.

CONTENT HIGHLIGHT:  Explosion at busy tourist center in Turkey; Four dead, many injured