ന്യൂദല്‍ഹി: ബി.ജെ.പി നേതാവിന്റെ പ്രവാചക നിന്ദയില്‍ അപലപിച്ച് ഖത്തര്‍ രംഗത്തെത്തിയതില്‍ ഖത്തര്‍ എയര്‍വേസിനെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ആഹ്വാനം നടത്തിയതിന് പിന്നാലെ പുതിയ പരസ്യവുമായി ഖത്തര്‍ എയര്‍വേയ്‌സ്.
കമ്പിനിയുടെ നാല് പ്രതിവാര വിമാനങ്ങളിലേതെങ്കിലും ഒന്നില്‍ ‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’ എന്നാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പരസ്യം. qatarairways.com ലെ ഹോം പേജില്‍ തന്നെയാണ് പരസ്യ ബാനര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഖത്തര്‍ എയര്‍വേയ്‌സിനെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരസ്യവുമായി കമ്പനി രംഗത്തുവരുന്നത്.
ഇന്ത്യയിലെ വെക്കേഷനില്‍, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തര്‍ എയര്‍വേയ്സിലെ ആഢംബര യാത്ര എന്നും ഓര്‍ക്കുന്നതായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സര്‍വീസെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
അതേസമയം, ഖത്തര്‍ എയര്‍വേസിന് പിന്നാലെ ഖത്തര്‍ ലോകകപ്പും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍. #boycottqatarairwsay, #boycottFIFA, #boycotQatar തുടങ്ങിയ ഹാഷ്ടാഗുകളും ആഹ്വാനങ്ങളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉപ്സാല യൂണിവേഴ്സിറ്റിയിലെ അക്കാദമിക് പ്രൊഫസറും യുനസ്‌കോയിലെ ഉദ്യോഗസ്ഥനുമായ അശോക് സ്വെയ്നാണ് ഈ വിഷയം ആദ്യമായി ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
‘ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുകയാണ്. ഫുട്ബോളിനെ ബഹിഷ്‌കരിക്കുന്നതിന് മുമ്പ് ആദ്യം ഇവര്‍ എങ്ങനെയാണ് ഫുട്ബോള്‍ കളിക്കേണ്ടത് എന്ന് പഠിക്കട്ടെ,’ എന്നായിരുന്നു സ്വെയ്ന്‍ ട്വിറ്ററിലൂടെ പറഞ്ഞത്.
സ്വയിനിന്റെ ട്വീറ്റിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലും മറ്റുമായി ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കുമ്പോള്‍ ഇന്ത്യയില്‍ ലോകകപ്പ് സംപ്രേക്ഷണം വിലക്കിയേക്കുമെന്നും പല കോണില്‍ നിന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്. പല സ്പോര്‍ട്സ് ഗ്രൂപ്പുകളിലും ഇക്കാര്യം ചര്‍ച്ചയാവുന്നുമുണ്ട്.
ഹിന്ദുത്വ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നുമാണ് ഇത്തരത്തില്‍ ലോകകപ്പ് ബഹിഷ്‌കരിക്കാമുള്ള ആഹ്വാനമുയരുന്നത്.