എന്തുകൊണ്ട് ആടുജീവിതം ചെയ്തില്ല? വൈറലായി വിക്രമിന്റെ മറുപടി
Entertainment
എന്തുകൊണ്ട് ആടുജീവിതം ചെയ്തില്ല? വൈറലായി വിക്രമിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 4:43 pm

16 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ബ്ലെസി തന്റെ സ്വപ്‌നചിത്രമായ ആടുജീവിതം വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സിനിമയുടെ പ്രാരംഭഘട്ടത്തില്‍ നജീബ് എന്ന കഥാപാത്രമായി പല നടന്മാരുടെയും പേര് ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടയാളായിരുന്നു തമിഴ് താരം ചിയാന്‍ വിക്രമിന്റേത്.

സിനിമ ഹിറ്റായതിന്റെ പശ്ചാത്തലത്തില്‍ ആടുജീവിതം ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് വിക്രം സംസാരിക്കുന്ന ഇന്റര്‍വ്യൂ വൈറലായിരിക്കുകയാണ്. തമിഴില്‍ ലഭിക്കുന്ന റെമ്യൂണറേഷനും, ബജറ്റും മലയാളത്തില്‍ ഉണ്ടാകില്ലെന്നും, തന്നിലെ നടനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റുകള്‍ മലയാളത്തില്‍ നിന്ന് ലഭിക്കാറില്ലെന്നും താരം പറഞ്ഞു. ആടുജീവിതം തമിഴില്‍ ചെയ്യാന്‍ ബ്ലെസി തന്നെ സമീപിച്ചിരുന്നെന്നും, എന്നാല്‍ കഥാപശ്ചാത്തലം കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ചിത്രം തമിഴ്‌നാട്ടില്‍ വര്‍ക്കാകില്ലെന്നും വിക്രം പറഞ്ഞു. 12 വര്‍ഷം മുമ്പ് ഇന്ത്യാവിഷന് നല്‍കിയ അഭിമുഖത്തിലാണ് വിക്രം ഇക്കാര്യം പറഞ്ഞത്.

‘തമിഴ് സിനിമയും മലയാള സിനിമയും മേക്കിങിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്. അവിടെ കിട്ടുന്ന റെമ്യൂണറേഷന്‍ ഇവിടെ കിട്ടില്ല. കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ ഇവിടെ ലിമിറ്റേഷനുകളുണ്ട്. അതുമാത്രമല്ല, എന്നിലെ നടനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റുകള്‍ എനിക്ക് മലയാളത്തില്‍ നിന്ന് കിട്ടാറില്ല.

ആടുജീവിതം തമിഴില്‍ ചെയ്യാന്‍ ബ്ലെസി സാര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥയും കഥാപശ്ചാത്തലവും കൂടുതല്‍ കണക്ടായിരിക്കുന്നത് കേരളത്തോടാണ്. ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ക്ക് കണക്ടാകാത്ത സംഭവമാണ്. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല കണക്ഷനുണ്ട്. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരളവുമായുള്ള കണക്ഷനാണ് പലര്‍ക്കും ഓര്‍മ വരിക. ആ ഒരു കെമിസ്ട്രി തമിഴില്‍ വര്‍ക്കാകില്ല,’ വിക്രം പറഞ്ഞു.

Content Highlight: Explanation of Vikram why he reject Aadujeevitham in an old interview going viral