പാട്ട്, ഡാന്‍സ്, തല്ല്, എല്ലാം കൂടിച്ചേര്‍ന്ന ഹോള്‍സെയില്‍ പാക്കേജാണ് തല്ലുമാല. പുട്ടിന് പീര പോലെ വളഞ്ഞുപുളഞ്ഞ് പോകുന്ന കഥക്കിടയിലേക്ക് അടിക്കടി പാട്ടും ഡാന്‍സും തല്ലും വരുന്നുണ്ട്. നോണ്‍ ലീനിയറായി പോകുന്ന ചിത്രത്തിന്റെ ഒഴുക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാട്ടുകള്‍ക്കും തല്ലിനും നിര്‍ണായക പങ്കുണ്ട്.
ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെയുള്ളതാണ് തല്ലുമാല പാട്ട്. അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമായ മുഹ്‌യുദ്ദീന്‍ മാല എന്ന മാലപ്പാട്ട് മോഡലിലാണ് തല്ലുമാല പാട്ട് മുഹ്‌സിന്‍ പരാരിയും(ലിറിക്‌സ്) വിഷ്ണു വിജയും(സംഗീതം) ചേര്‍ന്ന് രൂപപ്പെടുത്തിയിരിക്കുന്നത്.
ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന സൂഫി വര്യനെ വാഴ്ത്തുന്നതാണ് മുഹ്‌യുദ്ദീന്‍ മാലയെങ്കില്‍ പൊന്നാനിയിലെ അഞ്ചംഗ സംഘത്തിന്റെ അടികളാണ് തല്ലുമാല പാട്ടില്‍ വിവരിക്കുന്നത്.
വസീം, ജംഷി, സത്താര്‍, രാജേഷ്, വികാസ് എന്നീ കൂട്ടുകാര്‍ തമ്മിലുള്ള സൗഹൃദത്തിലേക്ക് വഴിവെക്കുന്ന അടികളാണ് തല്ലുമാല പാട്ടിലുള്ളത്.
‘പച്ചക്കുളം പള്ളീല് പെരുന്നാള് കൂടാന്
ഉടുപ്പിട്ട് വന്നോനെ പുതപ്പിച്ച് വിട്ടോവന്‍’ ജംഷിയാണ്. പള്ളിയിലെത്തിയ വസിമും ജംഷിയും തമ്മിലുള്ള തല്ലാണ് ഇത്.
‘കൂട്ടത്തില്‍ നല്ലോവന്‍, വെളുക്കനേ ചിരിക്കുന്നോന്‍
ഹേതുവതില്ലാതെ ഉമ്മാനെ തല്ലാത്തോന്‍’ വസീമാണ്.
‘കാതിനടപ്പുള്ളോവന്‍ വായിലടപ്പില്ലാത്തോന്‍’ വികാസും ‘കാതടക്കി തല്ലുന്നോന്‍ കാക്കാതെ മണ്ടുന്നോന്‍’ രാജേഷുമാണ്.
‘പിന്നെയുള്ളൊരു പൂമോന്‍ പത്തിരി പോലുള്ളോവന്‍
കൊടുക്കാതെ കൊള്ളുന്നോന്‍, കൊണ്ടാല്‍ കൊടുക്കാത്തോന്‍’ സത്താറും. കൂട്ടത്തില്‍ ഏറ്റവും പാവവും അടിപിടിക്ക് പോവാത്തോനുമാണ് സത്താര്‍.
നട്ടുച്ചനേരത്ത് നാലാള് കാണുമ്പോള്‍, നാലും കൂടിയ റോട്ടില് നായ് മായിരി തല്ലി കൂട്ടുകൂടിയവരാണ് അഞ്ചു പേരും. എന്നാലും കൂറുള്ളോരും ഉള്ളില്‍ നൂറുള്ളവരും മുത്തം കൊടുക്കുന്നവരും മുത്തു പോലുള്ളോരുമാണ് അഞ്ചുപേരും.
പാട്ടിന്റെ വരികളിലൂടെയും രംഗങ്ങളിലൂടെയും വസീമും ജംഷിയും സത്താറും വികാസും രാജേഷും തമ്മിലുള്ള തല്ലിനെ പറ്റിയും സൗഹൃദത്തിന്റെ തുടക്കത്തെ പറ്റിയുമൊക്കെയാണ് പറയുന്നതെങ്കിലും അധികമാരും ഇത് ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം.
Content Highlight: explaining thallumaala pattu in thallumaala