ഏറെ കാലത്തെ തര്‍ക്കത്തിനൊടുവില്‍ തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജ കുടുംബത്തിന് അനുകൂലമായ വിധി വന്നിരിക്കുകയാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.
ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇപ്പോള്‍ വിധി പറഞ്ഞത്.
ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ല
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതുകൊണ്ട് അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നാണ് 2011 ജനുവരിയില്‍ പ്രഖ്യാപിച്ച ഹൈക്കോടതി വിധി. ഹൈക്കോടി വിധിക്കെതിരെ മുന്‍ രാജ കുടുംബം സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കിയത്.
മുന്‍ രാജകുടുംബത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആവശ്യം പരിഗണിച്ച് സമിതി രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. രണ്ട് സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഉപദേശക സമിതി രൂപീകരണത്തില്‍ മുന്‍ രാജകുടുംബം ഉന്നയിച്ച ആവശ്യങ്ങളും സുപ്രീംകോടതി പരിഗണിച്ചു. കഴിഞ്ഞ 25 കൊല്ലത്തെ ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകളുടെ ഓഡിറ്റ് നടത്താനും വിധിയില്‍ പറയുന്നുണ്ട്. ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതികള്‍ക്ക് തീരുമാനിക്കാം. ട്രസ്റ്റ് പ്രതിനിധി, മുഖ്യ തന്ത്രി, കേരള സര്‍ക്കാര്‍ പ്രതിനിധി, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി, എന്നിങ്ങനെയാണ് ഭരണസമിതിയിലെ അംഗങ്ങള്‍. തിരുവന്തപുരം ജില്ല ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനായിരിക്കും. രാജകുടുംബാംഗവും മുഖ്യ തന്ത്രിയും ഉപദേശക സമിതിയിലും അംഗങ്ങളാവും. ബാക്കിയുള്ള ആറ് അംഗങ്ങളെ സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദുക്കളായ അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കണം.രണ്ട് കമ്മിറ്റിയിലും എല്ലാ അംഗങ്ങളും ഹിന്ദുക്കളാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രാജകുടുംബത്തിന്റെ അധികാരങ്ങളാണ് ഭരണസമിതിക്ക് കൈമാറുന്നത്. രാജകുടുംബത്തിന്റെ അവകാശം നിലനില്‍ക്കുമ്പോഴും അത് നിര്‍വഹിക്കുക ഭരണ സമിതിയായിരിക്കുമെന്ന് വിധി വ്യക്തമാക്കുന്നു. ക്ഷേത്ര സ്വത്ത് സംരക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പുനപരിശോധന ഹരജി നല്‍കില്ല
സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. വിധി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നാള്‍വഴികള്‍
ക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്ന് സമ്പത്ത് തിട്ടപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നാണ് ക്ഷേത്രം സംബന്ധിച്ച കേസ് കോടതിയില്‍ എത്തുന്നത്. 2007 ല്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിലെ നിധികള്‍ രാജകുടുംബത്തിന്റെ കുടുംബ സ്വത്താണെന്ന് അവകാശപ്പെട്ടു.
ഉത്രാടം തിരുനാളിന്റെ നിലവറകള്‍ തുറന്ന് സമ്പത്ത് തിട്ടപ്പെടുത്തണമെന്ന തീരുമാനത്തെ എതിര്‍ത്ത് നിരവധി സ്യൂട്ടുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് നിലവറ തുറക്കുന്നത് കോടതി തടയുന്നത്. തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്. എന്നാല്‍ വിധിക്കെതിരെ ഉത്രാടം തിരുനാള്‍ സുപ്രീംകോടതിയിലെത്തി. ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.
പദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമ്പോള്‍ രാജകുടുംബം ഈ നിലപാട് തിരുത്തി.
ബി നിലവറെ ഒഴികെയുള്ള നിലവറകള്‍ തുറക്കുന്നു
സുപ്രീം കോടതിയിലെത്തിയ കേസില്‍ പിന്നീടുണ്ടായത് സുപ്രധാന വഴിത്തിരുവുകള്‍ ആയിരുന്നു. ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ ഏര്‍പ്പെടുത്തി. ആറു നിലവറകള്‍ തുറന്ന് സമ്പത്ത് കണക്കെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി ഒരു സംഘത്തെ കോടതി നിയോഗിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകളാണ്. എ,ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ,എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി,ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവ ആണ്. സംഘത്തിന്റെ നേതൃത്വത്തില്‍ 2011 ജൂണ്‍ 27 മുതല്‍ ബി നിലവറ ഒഴികെ ഉള്ള നിലവറകള്‍ തുറന്നു പരിശോധിച്ചു.
എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍നിന്ന് കണ്ടെത്തിയിരുന്നു.
ബി നിലവറ തുറക്കാന്‍ സംവിധാനമില്ലെന്ന രാജകുടുംബത്തിന്റെ വാദം
ബി നിലവിറ തുറക്കാന്‍ നിലവില്‍ സംവിധാനമില്ലെന്ന് രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. രണ്ടു തട്ടായുള്ള ബി നിലവറ അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ചുകൊണ്ടാണെന്നും നിലവില്‍ ഇത് തുറക്കാന്‍ സംവിധാനം ഇല്ലെന്നുമാണ് രാജകുടുംബം പറഞ്ഞത്. നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണമെന്നും ഇങ്ങനെ ചെയ്യുന്നത് ക്ഷേത്രത്തിനു കേടുപാടുകള്‍ വരുത്തുമെന്നും രാജകുടുംബം പറഞ്ഞിരുന്നു. എന്നാല്‍ നേരത്തെ ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയിരുന്ന വിനോദ് റായ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു.
ഗോപാല്‍ സുബ്രമണ്യം അമികസ്‌ക്യൂറി ആവുന്നു
2012 ലാണ് ഗോപാല്‍ സുബ്രമണ്യത്തിനെ പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ ജസ്റ്റിസുമാരായ ആര്‍.എം.ലോധ, എ.കെ.പട്‌നായിക് എന്നിവര്‍ അടങ്ങിയ സുപ്രിംകോടതി ബെഞ്ച് അമികസ്‌ക്യൂറി ആയി നിയമിച്ചത്. 2015 ഫെബ്രുവരിയില്‍ ഗോപാല്‍ സുബ്രമണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 575 പേജ് ഉള്ള റിപ്പോര്‍ട്ടില്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 266 കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. വിവിധ ഘട്ടങ്ങളില്‍ ക്ഷേത്രത്തിന്റെ നിലവറകളില്‍ നിന്ന് എടുത്ത സ്വര്‍ണ്ണം തിരികെ വച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ശുപാര്‍ശ അനുസരിച്ച് താത്കാലിക ഭരണസമിതിയെയും കോടതി നിയമിച്ചിരുന്നു.
എന്നാല്‍ 2018 നവംബര്‍ 25 ന് പത്മനാഭസ്വാമി ക്ഷേത്രം കേസിലെ അമികസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗോപാല്‍ സുബ്രഹ്മണ്യം സുപ്രിം കോടതിക്ക് കത്ത് നല്‍കി.കേസിന്റെ അന്തിമവാദം സുപ്രിം കോടതിയില്‍ ആരംഭിക്കാനിരിക്കെ ആണ് ഗോപാല്‍ അമിക്കസ്‌ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
തിരുവനന്തപുരം സബ്കോടതിയില്‍ ആരംഭിച്ച കേസ് സുപ്രീംകോടതിവരെ എത്തിയ കേസില്‍ ഒടുവില്‍ 2020 ജൂലൈല 13 ന് മുന്‍ രാജകുടുംബത്തിന് അനുകൂലമായ വിധി ഉണ്ടായി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക