| Wednesday, 28th April 2021, 6:21 pm

ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍; ലോകാരോഗ്യ സംഘടനയുടെയും മരുന്ന് കമ്പനികളുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍

ഷഫീഖ് താമരശ്ശേരി

ആറു പതിറ്റാണ്ടു കാലം നീണ്ടുനിന്ന അമേരിക്കന്‍ ഉപരോധമായിരുന്നു ക്യൂബന്‍ വിപ്ലവത്തിന് ശേഷമുള്ള കാലത്തും ആ കൊച്ചു രാജ്യം ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. എല്ലാവിധ ഇറക്കുമതികള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ട് രാജ്യാന്തര കൊടുക്കല്‍ വാങ്ങലുകളെയെല്ലാം തടഞ്ഞുകൊണ്ട് ക്യൂബ എന്ന ചെറു കമ്യൂണിസ്റ്റ് രാജ്യത്തെ ലോക പൊലീസ് ചമഞ്ഞ അമേരിക്ക ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റാരുടെയും ആശ്രയമില്ലാതെ സ്വയം പര്യാപ്തതയോടെ മുന്നോട്ടു പോകുന്നതിനുള്ള മാതൃകകള്‍ തീര്‍ക്കുകയായിരുന്നു ക്യൂബ എന്ന കൊച്ചു കരീബിയന്‍ രാജ്യം.

2010 ലെ ഹെയ്തി ഭൂകമ്പത്തിലും, 2013 ഓടെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിച്ചപ്പോഴുമൊക്കെ ആ രാജ്യങ്ങളിലേക്ക് വൈദ്യസഹായവുമായെത്തിയ ക്യൂബ, 2020 ന്റെ തുടക്കത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിച്ചപ്പോഴും അവിടങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചത് വലി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ലോകാരോഗ്യ സംഘടനയുടെയും ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്പനികളുടെയും സഹകരണവും സഹായവുമൊന്നുമില്ലാതെ ക്യൂബ വികസിപ്പിച്ചെടുത്തിരിക്കുന്നത് അഞ്ച് വാക്‌സിനുകളാണ്. ലാറ്റിനമേരിക്കയിലും കരീബിയയിലുമായി കൊവിഡിന് പ്രതിരോധമരുന്ന് വികസിപ്പിക്കുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമായി ഇതോടെ ക്യൂബ മാറി.

കോര്‍പറേറ്റ് മുതലാളിത്തത്തിനും മരുന്ന് കമ്പനികള്‍ക്കും മുന്നില്‍ വിധേയപ്പെടാതെ സ്വന്തം നിലയ്ക്കുള്ള വൈദ്യശാസ്ത്ര ഗവേഷണങ്ങളിലൂടെ മാനവികതയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന ക്യൂബന്‍ മാതൃക ആരോഗ്യ രംഗത്തെ ധാര്‍മികതയുടെ വേറിട്ട ഉദാഹരണമാവുകയാണ്.

ലോകമാസകലം കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുകയും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ക്യൂബയുടെ വാക്‌സിന്‍ ഗവേഷണവും ഉത്പാദനവും വലിയ അഭിമാന നേട്ടമായി മാറുന്നത്. തങ്ങളുടെ ആരോഗ്യ സംവിധാനത്തിന്റെ കരുത്ത് രാജ്യത്തിനുള്ളിലും രാജ്യാന്തരതലത്തിലും തുടര്‍ച്ചയായി ക്യൂബ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ക്യൂബന്‍ ജനതയുടെ ചികിത്സയ്ക്കുള്ള അടിയന്തര മെഡിക്കല്‍ സാമഗ്രികളുടെ ഇറക്കുമതികള്‍ പോലും തടഞ്ഞുകൊണ്ട് ദീര്‍ഘകാലം അമേരിക്ക നടത്തിയ ഉപരോധങ്ങളെ അതിജീവിച്ചുകൊണ്ടാണ് ക്യൂബ ഈ നേട്ടങ്ങള്‍ കൈവരിച്ചത് എന്നതുകൊണ്ട് കൂടിയാണ് ഈ നേട്ടം ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

അബ്ഡല, സോബറാന 02, സോബറാന 01, സോബറാന പ്ലസ്, മംബീസ എന്നിങ്ങനെയാണ് ക്യൂബ വികസിപ്പിച്ച കൊവിഡ് വാക്‌സിനുകളുടെ പേര്. സോവറിന്‍ അഥവാ ഉദാത്തം എന്നതിന്റെ സ്പാനിഷ് വാക്കാണ് സോബറാന. ക്യൂബന്‍ വിപ്ലവത്തിന്റെ നായകരില്‍ ഒരാളായിരുന്ന കവി ഹോസെ മാര്‍ട്ടിയുടെ കവിതയുടെ പേരാണ് അബ്ഡല. 19ാം നൂറ്റാണ്ടില്‍ സ്പാനിഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്ത ക്യൂബന്‍ ഗറില പോരാളികളെ സൂചിപ്പിക്കുന്ന ആഫ്രിക്കന്‍ വാക്കാണ് മംബീസ. വാക്‌സിനുകള്‍ക്ക് പേര് നല്‍കിയപ്പോഴും ക്യൂബ അവരുടെ രാഷ്ട്രീയവും നിലപാടുകളും മുറുകെ പിടിച്ചിരിക്കുന്നു.

ഈ അഞ്ച് വാക്‌സിനുകളില്‍ സോബറാന 02 അങ്ങേയറ്റം ഫലപ്രദമാണെന്നും അന്തിമഘട്ട ക്ലിനിക്കല്‍ ട്രയലിലേക്ക് കടന്നിരിക്കുകയാണെന്നുമാണ് ക്യൂബന്‍ ആസ്ഥാനമായ ഹവാനയിലെ ഫിന്‍ലേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ക്യൂബയ്ക്ക് പുറമെ ഇറാനിലും വെനസ്വേലയിലും വാക്‌സിന്‍ ട്രയലുകള്‍ നടത്തി വിജയിച്ചതായും ഫിന്‍ലേ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നു.

കൊവിഡ് ഒന്നാം തരംഗത്തില്‍ മോശമായി ബാധിച്ച സമ്പദ് വ്യവസ്ഥയെ വാക്സിനേഷന്‍ ത്വരിതമാക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യം. ക്യൂബയില്‍ നിന്ന് വാക്സിന്‍ വാങ്ങാന്‍ തയ്യാറായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയടക്കമുള്ള പശ്ചാത്യരാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ വാങ്ങാന്‍ കഴിവില്ലാത്ത നിരവധി ദരിദ്രരാജ്യങ്ങള്‍ വാക്സിന് വേണ്ടി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ക്യൂബ അറിയിക്കുന്നു.

മെക്സിക്കോയും അര്‍ജന്റീനയുമെല്ലാം ക്യൂബയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുമെന്നും 100 മില്യണ്‍ ഡോസ് വാക്സിന്റെ വാര്‍ഷിക കരാറുകള്‍ ക്യൂബയുമായി നടത്താന്‍ ഇതിനകം തന്നെ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും ക്യൂബ അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്സിന്‍ പങ്കിടല്‍ പദ്ധതിയായ ‘കോവാക്സി’ല്‍ ഇല്ലാതെയാണ് ക്യൂബ അഞ്ച് വാക്സിനുകള്‍ വികസിപ്പിക്കുന്നത് എന്നത് ഈ ഘട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബഹുരാഷ്ട്ര മരുന്ന് നിര്‍മാണക്കമ്പനികളുമായും ക്യൂബയ്ക്ക് യാതൊരുവിധ സഹകരണമോ കരാറോ ഉണ്ടായിരുന്നില്ല.

ആരോഗ്യ സംരക്ഷണവും സൗജന്യ വിദ്യാഭ്യാസവും രാജ്യത്തെ എല്ലാവര്‍ക്കും ഉറപ്പാക്കുകയെന്നത് ക്യൂബന്‍ വിപ്ലത്തിന് ശേഷം രൂപംകൊണ്ട കമ്യൂണിസ്റ്റ് ഭരണകൂടം ലക്ഷ്യം വെച്ച സുപ്രധാനമായ കാര്യമായിരുന്നു. ഡോക്ടര്‍ കൂടിയായിരുന്ന ലോക വിപ്ലത്തിന്റെ പ്രതീകമായ സാക്ഷാല്‍ ചെഗുവേരയും കൂടി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിയായിരുന്ന ക്യൂബയില്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അമേരിക്കയിലേതിനേക്കാളും ഉയര്‍ന്നതാണെന്നാണ് ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്യൂബയിലെ ഡോക്ടര്‍മാരുടെ ആളോഹരി എണ്ണമാകട്ടെ, അമേരിക്കയുടേതിനേക്കാള്‍ മൂന്നിരട്ടിയിലധികവുമാണ്.

പ്രതിരോധമരുന്നുകള്‍ വികസിപ്പിക്കുന്ന കാര്യത്തിലും ക്യൂബ ലോകത്തിന് മാതൃകയാകുന്നത് ഇതാദ്യമായല്ല. 1980കള്‍ മുതല്‍ നാല്‍പതിലേറെ രാജ്യങ്ങളിലേക്ക് ക്യൂബന്‍ മരുന്നുകമ്പനികള്‍ പലതരം പ്രതിരോധമരുന്നുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ശ്വാസകോശാര്‍ബുദം, മസ്തിഷ്‌ക ജ്വരം, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയ്ക്കുള്ള കുത്തിവയ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു. മെനിഞ്ചൈറ്റിസ് പ്രതിരോധമരുന്നു വിതരണത്തിലും നോര്‍വെയ്‌ക്കൊപ്പം പങ്കാളിയായി ക്യൂബ ഉണ്ടായിരുന്നു.

മുതലാളിത്തലോകം എക്കാലവും വേട്ടയാടിയ ഒരു ചെറു കമ്യൂണിസ്റ്റ് രാജ്യം അവരുടെ ദിശാബോധത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ, ഉള്‍ക്കാഴ്ച്ചയുള്ള ഭരണനിര്‍വഹണങ്ങളിലൂടെ മുതലാളിത്തലോകം മുട്ടുമടക്കേണ്ടി വന്ന പ്രതിസന്ധികളെ പോലും എളുപ്പത്തില്‍ അതിജീവിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cuban Model on Covid Fight – Cuba Develeoped 5 Covid Vaccines

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more