| Monday, 29th July 2013, 12:55 pm

ഇന്ധന വില ഉയര്‍ത്തുന്നതിന്റെ കാരണം വ്യക്തമാക്കണം: പെട്രോളിയം മന്ത്രാലയത്തോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പ്രകൃതിവാതകങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്താണെന്ന് പെട്രോളിയം മന്ത്രി വീരപ്പ ##മൊയ്‌ലി യോട് സുപ്രീം കോടതി.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവാതക പാടമുള്ളത്. കമ്പനിയില്‍ നിന്നും രാജ്യത്തിന്റെ വാതക ഉപഭോഗത്തിന്റെ പകുതിയോളം ലഭിക്കേണ്ടതുമാണ്. []

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റിലയന്‍സിന്റെ ഉത്പാദനത്തില്‍ ഇടിവാണുണ്ടാകുന്നത്. ഇതോടെ വാതകങ്ങളുടെ വിലയും വര്‍ധിച്ചു. ഇതില്‍ വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി വീരപ്പ മൊയ്‌ലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയന്‍സിനും വീരപ്പമൊയ്‌ലിക്കും നാലാഴ്ച്ചത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്. കേസിന്റെ തുടര്‍വാദം സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.

സി.പി.ഐ.എം മുതിര്‍ന്ന നേതാവ് ഗുരുദാസ് ദാസ് ഗുപ്തയാണ് റിലയന്‍സിനും വീരപ്പമൊയ്‌ലിക്കുമെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

റിലയന്‍സ് ഗ്രൂപ്പിന് കൂടുതല്‍ വാതക ഉത്പാദനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വീരപ്പമൊയ്‌ലി സര്‍ക്കാരിനെ സമീപിച്ചത് കമ്പനിക്ക് കൊള്ള ലാഭമുണ്ടാക്കാനാണെന്നാണ് ഗുരുദാസ് ദാസ് ഗുപ്തയുടെ ആരോപണം.

2014 ഏപ്രില്‍ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് വീരപ്പ മൊയ്‌ലി സൂചന നല്‍കുകയും ചെയ്തിരുന്നു.

രാജ്യത്തെ വാതകോത്പാദനത്തെ പ്രോത്സാഹിപ്പിച്ചാല്‍ ഇറക്കുമതിയെ മുഴുവനായും ആശ്രയിക്കുന്നതില്‍ നിന്നും കരകയറാനാകുമെന്നായിരുന്നു വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നത്.

പാടം നല്‍കിയിട്ടും ക്രിയാത്മകമായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ റിലയന്‍സിന് സര്‍ക്കാര്‍ നല്‍കിയിരുന്ന കെജി-ഡി6 ബേസിന്റെ 85 ശതമാനം തിരിച്ചുപിടിക്കണമെന്ന് ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടിരുന്നു.

ഉത്പാദന ലക്ഷ്യം നേടുന്നതില്‍ നിന്നും വീഴ്ച്ച വരുത്തിയതിനാല്‍ കമ്പനി 100 കോടി പിഴ ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാന പ്രകൃതിവാതക സ്രോതസ്സായ കൃഷ്ണ ഗോദാവരി ബേസിനിലെ പ്രവര്‍ത്തനത്തില്‍ 2011 ല്‍ സി.എ.ജി സര്‍ക്കാറിനേയും റിലയന്‍സിനേയും വിമര്‍ശിച്ചിരുന്നു. കമ്പനിയും സര്‍ക്കാരും തമ്മിലുള്ള ലാഭ വിഹിത അനുപാതം നവീകരിക്കാനും സി.എ.ജി നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more