യു.എസ്- സൗദി ബന്ധത്തിലെ വിള്ളല്‍ ഗള്‍ഫിലെ അമേരിക്കന്‍ സ്വാധീനം ഇല്ലാതാക്കും; റിപ്പോര്‍ട്ട്
World News
യു.എസ്- സൗദി ബന്ധത്തിലെ വിള്ളല്‍ ഗള്‍ഫിലെ അമേരിക്കന്‍ സ്വാധീനം ഇല്ലാതാക്കും; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2022, 4:14 pm

സൗദി അറേബ്യ- അമേരിക്ക ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്വാധീനം ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റ് ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈയിടെ നടന്ന ഒപെക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വെച്ച് എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതില്‍ രോഷമറിയിച്ചുകൊണ്ട് സൗദിയെ ഭീഷണിപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഭാഷയില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയും നടത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ കൂടിയാണ് യു.എസ്- സൗദി ബന്ധത്തിലെ ഇത്തരം അകല്‍ച്ചകള്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്വാധീനം തകര്‍ക്കുമെന്ന തരത്തിലുള്ള വിശകലനങ്ങള്‍ പുറത്തുവരുന്നത്.

യു.എസ്- സൗദി ബന്ധം പൂര്‍ണമായും തകര്‍ക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണെന്നും പോളിസികളില്‍ ഭേദഗതി വരുത്തുന്നതിന് മുമ്പ് ഗള്‍ഫ് മേഖലയില്‍ യു.എസിനുള്ള സ്വാധീനം ബൈഡന്‍ വിലയിരുത്തണമെന്നുമാണ് വിഷയത്തിലെ വിദഗ്ധരും മുന്‍ ഉദ്യോഗസ്ഥരും പറയുന്നത്.

യു.എസും സൗദിയും തമ്മിലുള്ള ബന്ധം ഉപേക്ഷിക്കാന്‍ കഴിയാത്തവിധം പ്രധാനമാണെന്നും അങ്ങനെ ഉപേക്ഷിക്കുകയാണെങ്കില്‍ അത് മേഖലയിലെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമെന്നുമാണ് ഇവര്‍ പറയുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ക്കിടയില്‍ ആഗോള ഊര്‍ജ വിപണിയെ സുസ്ഥിരമാക്കുന്നതിന് വേണ്ടിയാണ് പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സൗദിയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ ഈ മാസമാദ്യമായിരുന്നു വ്യക്തമാക്കിയത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ യു.എസിന്റെ ഭാഗത്ത് നിന്നും, പ്രത്യേകിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയമനിര്‍മാതാക്കളില്‍ നിന്നും വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

സൗദിയുമായുള്ള ബന്ധം യു.എസ് പുനപരിശോധിക്കണമെന്നും ആയുധ വില്‍പ്പന നിര്‍ത്തിവെക്കണമെന്നുമാണ് ഡെമോക്രാറ്റിക് നിയമനിര്‍മാതാക്കള്‍ ആഹ്വാനം ചെയ്തത്.

ഉക്രൈനുമായുള്ള യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ എണ്ണ വരുമാനം വര്‍ധിപ്പിക്കാനും റഷ്യയെ സഹായിക്കാനുമാണ് സൗദിയുടെ നീക്കമെന്നാണ് ബൈഡന്‍ ഭരണകൂടം ആരോപിക്കുന്നത്.

എന്നാല്‍ യു.എസിന്റെ വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ സൗദി ബൈഡന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന ഒരവസ്ഥയാണിപ്പോള്‍.

സൗദി അറേബ്യയുമായും ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലുമായും (ജി.സി.സി) നടത്താനിരുന്ന കൂടിക്കാഴ്ച യു.എസ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഈ മാസാവസാനം നടത്താനിരിക്കുന്ന സൗദി നിക്ഷേപ സമ്മേളനത്തിലേക്ക് (Saudi investment conference) അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ക്ഷണിച്ചിട്ടില്ലെന്ന് എ.എഫ്.പിയും റിപ്പോര്‍ട്ട് ചെയ്തു.

”മിഡ്ടേമിന് ഒരു മാസം മുമ്പ്, ഈ സമയത്ത് ഈയൊരു തീരുമാനവുമായി വരുന്നത് ജോ ബൈഡനും യു.എസിനും വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് സൗദികള്‍ക്ക് തീര്‍ച്ചയായും അറിയാമായിരിക്കും.

ഈ ബന്ധം തുല്യതയുള്ളവര്‍ തമ്മിലുള്ളതല്ല എന്ന് വരും ദിവസങ്ങളില്‍ മുന്നോട്ട് പോകുമ്പോള്‍ ജോ ബൈഡന്‍ മനസ്സില്‍ സൂക്ഷിക്കണം,” ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ (Brookings Institution) സീനിയര്‍ ഫെലോയും ഇന്റലിജന്‍സ് പ്രോജക്ടിന്റെ ഡയറക്ടറുമായ ബ്രൂസ് റീഡല്‍ (Bruce Riedel) പറഞ്ഞു.

റീഡലിന്റെ വാദത്തെ എതിര്‍ത്തുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

Content Highlight: Experts says dismantling America -Saudi Arabia ties could destroy American influence in gulf