ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്റെ ആവശ്യമില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. ലോകമെമ്പാടും ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും പല ലോകരാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അഭിപ്രായം.
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുക എന്നതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെ ന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരില്‍ 15 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചത്, വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഈ മഹാമാരിയുടെ ഭീഷണിയിലാണെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നതെന്നും ഇമ്യൂണോളജിസ്റ്റ് സത്യജിത് റാത് പറഞ്ഞു.
”ഈ ഘട്ടത്തില്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഗുണപ്രദമാകുന്ന രീതിയില്‍ കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ആയ ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നത് ധാര്‍മികമായി വളരെ അപക്വമായ ഒരു തീരുമാനമായിരിക്കും,” റാത് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ 40 ശതമാനത്തോളവും ഇനിയും ആദ്യ ഡോസ് സ്വീകരിക്കാനിരിക്കെ, ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുക പോലും ചെയ്യരുതെന്നാണ് ഇമ്യൂണോളജിസ്റ്റ് വിനീത ബല്‍ പറഞ്ഞത്. ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കുക എന്നതിനാണ് മുന്‍ഗണന എന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇസ്രാഈല്‍ പോലുള്ള രാജ്യങ്ങളും ചില യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേതടക്കമുള്ള ദരിദ്ര, മൂന്നാം ലോക രാജ്യങ്ങള്‍ വാക്‌സിന്‍ ക്ഷാമം അനുഭവിക്കുമ്പോഴുണ്ടായ ഈ നീക്കം വലിയ രീതിയില്‍ വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.